മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് ജയഭാരതി. അഭിനയ മികവും വശ്യ സൗന്ദര്യവും ഒരുപോലെ ലഭിച്ച ജയഭാരതി അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഷീല, ശാരദ, ജയഭാരതി എന്നിവർ താര റാണിമാരായി നിലനിന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. നായികമാരെ സംബന്ധിച്ച് ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്ന സുവർണ കാലഘട്ടമായിരുന്നു അത്. ഒരു ഘട്ടത്തിൽ ജയഭാരതി അഭിനയ രംഗം വിട്ടു. സിനിമയിൽ അഭിനയിച്ചിട്ട് വർഷങ്ങളായെങ്കിലും ജയഭാരതിയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.
ജയഭാരതിയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്കേറെ പ്രിയപ്പെട്ട നടിയാണ് ജയഭാരതിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ജയഭാരതിയെന്നും ഉദാഹരണ സഹിതം ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. കേരളത്തിൽ വെള്ളപ്പൊക്കം വന്ന സമയത്ത് പത്ത് ലക്ഷം രൂപ നടി ചെന്നെെയിൽ നിന്നെത്തി മുഖ്യമന്ത്രിക്ക് കൈ മാറിയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
ജയഭാരതിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ജയഭാരതി ചേച്ചിയുടെ സ്വഭാവത്തെക്കുറിച്ച് പറയാൻ പറഞ്ഞാൽ പഴയ കാലത്തുള്ളവരെല്ലാം പറയുന്നത് ആരെയും സംശയ ദൃഷ്ടിയോടെ മാത്രമേ ജയഭാരതി നോക്കിയിരുന്നുള്ളൂ എന്നാണ്. ആരെയും ചേച്ചി വിശ്വസിച്ചിരുന്നില്ല. വിശ്വസിച്ചവരെല്ലാം ചേച്ചിയെ പറ്റിച്ച് കാണും. ഭർത്താവായിരുന്ന സത്താറിനെ പൂർണമായും അവർ വിശ്വസിച്ചിരുന്നില്ലെന്ന് പറയുന്നു.
ചേച്ചി രണ്ട് തവണ മതം മാറേണ്ടി വന്നിരിക്കാം. ആദ്യം ഒരു ക്രിസ്ത്യാനിയായുമായിരുന്നു ദാമ്പത്യം. അത് കഴിഞ്ഞ് അയാളുടെ എതിർപ്പ് വക വെക്കാതെയാണ് സത്താറുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. അങ്ങനെ മുസ്ലിമായി. പക്ഷെ ചേച്ചി അന്നും ഇന്നും ജയഭാരതി തന്നെ. നദീറ എന്നോ മറ്റോ പേര് മാറ്റി. പക്ഷെ അവിടെയൊന്നും അത് ഏറ്റില്ല. സത്താറിന് ചില ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് നിയന്ത്രണമില്ലാത്ത മദ്യപാനമായിരുന്നു
രതീഷ്, ശിവജി അടക്കമുള്ള നല്ല ടീം സത്താറിക്കയോട് കമ്പനി കൂടാനുണ്ടായിരുന്നു. അവർ രണ്ട് പേരും മദ്യത്തിന് അടിമപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ജയഭാരതിക്ക് സത്താറിനെ വിശ്വസിക്കാൻ അൽപ്പം വൈഷമ്യം ഉണ്ടായിരുന്നു. സത്താറിന്റെ പോക്ക് അത്ര നല്ല രീതിയലല്ലെന്ന് രണ്ട് പേരുടെയും വേണ്ടപ്പെട്ടവരോട് സത്താർ പറയുമായിരുന്നു. സത്താറിനാണെങ്കിൽ ജയഭാരതിയെന്ന് പറഞ്ഞാൽ ജീവന് തുല്യം സ്നേഹമായിരുന്നു
ഭാരതി ചേച്ചിയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് നൂറ് നാവാണ്. ജയഭാരതിയുമായി അകന്ന ശേഷം സത്താർ ഒരിക്കലും ചേരാത്ത രണ്ട് വിവാഹം പിന്നെയും ചെയ്തു. ഒരു ഭാര്യക്ക് പൊറുക്കാൻ പറ്റാത്ത തെറ്റ് സത്താറിൽ നിന്നുണ്ടായി. അത് തുടരുകയും ചെയ്തതാണ് ആ ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയ്‌ക്ക് കാരണമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.നിർമാതാവ് ഹരീഷ് പോത്തനായിരുന്നു ജയഭാരതിയുടെ മുൻ പങ്കാളി. ഇദ്ദേഹവുമായി അകന്ന ശേഷമാണ് സത്താറിനെ ജയഭാരതി വിവാഹം ചെയ്യുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: