വിവാഹ മോചനം നേടുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കാന്‍ ഭര്ത്താക്കന്മാര്ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാമെന്ന സുപ്രീംകോടതി വിധി ചരിത്രപരവും, വനിതാ വിമോചനത്തിന്റെ പാതയിലെ നാഴികക്കല്ലുമാണ്. രാജീവ് ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം വനിത അവകാശ സംരക്ഷണ നിയമം തള്ളിയാണ് പരമോന്നത കോടതിയുടെ രണ്ടംഗ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവ് മാസംതോറും ജീവനാംശം നല്‍കണമെന്ന ആന്ധ്ര ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. മുത്തലാഖിലൂടെ വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്കും ജീവനാംശം ലഭിക്കാന്‍ ക്രിമിനല്‍ കേസ് നല്‍കാമെന്ന് വിധിയില്‍ പറഞ്ഞിരിക്കുന്നത് മതത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന അനീതിക്കാണ് അന്ത്യം കുറിക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മാണം നടത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോഴത്തെ വിധി ശരിവച്ചിരിക്കുകയാണ്.
മുസ്ലിം സ്ത്രീകള്‍ക്ക് നല്കുന്ന ജീവനാംശം ദാനമല്ലെന്നും, അതവരുടെ അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. 1986 ലെ മുസ്ലിം വനിത അവകാശ സംരക്ഷണ നിയമപ്രകാരമാണ് ജീവനാംശം നല്‍കേണ്ടതെന്ന വാദമാണ് കോടതി നിരസിച്ചത്. രാജ്യത്ത് നിലനില്‍ക്കേണ്ടത് വ്യക്തി നിയമമല്ലെന്നും, എല്ലാ പൗരന്മാര്ക്കും ബാധകമായ മതേതര നിയമമാണെന്നും വിധിന്യായത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഷബാനോ ബീഗം എന്ന മുസ്ലിം വനിതയ്ക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി റദ്ദാക്കാന്‍ കൊണ്ടുവന്ന നിയമമാണ് ഇതോടെ അസാധുവായിരിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന വൈ. വി. ചന്ദ്രചൂഡ് നേതൃത്വം നല്കിയ ബെഞ്ചിന്റ വിധി മുസ്ലിം വ്യക്തി നിയമത്തിന് എതിരാണെന്നും, അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെയും മറ്റും മുസ്ലിം നേതാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ബിജെപി ഒഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം വോട്ടുബാങ്കിനെ ഭയന്ന് നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇതിനെതിരെ കൂടിയാണ് സുപ്രീംകോടതി ശബ്ദിച്ചിരിക്കുന്നത്. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റുതരത്തിലും തങ്ങളെയാണ് ആശ്രയിക്കുന്നതെന്ന സത്യം ഭര്ത്താക്കന്മാര് തിരിച്ചറിയാറില്ലെന്നും, കുടുംബത്തില്‍ ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും പുരുഷന്മാര് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സുപ്രീംകോടതി വിധിയിലുള്ളത് സമൂഹത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് കരുതാം. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ നിലനിര്‍ത്തണമെന്നും, അവര്‍ക്ക് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. വലിയ മാറ്റങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നുറപ്പാണ്.
പുതിയ സുപ്രീംകോടതി വിധിയോടെ മുസ്ലിം വ്യക്തി നിയമ വ്യവസ്ഥകള്‍ രാജ്യത്ത് ദുര്‍ബലമാവുന്നത് പുരുഷാധിപത്യപരമായ ആ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നു പ്രത്യാശിക്കാം. ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനാംശം ഉറപ്പുവരുന്ന വ്യവസ്ഥകള്‍ പ്രകാരം ക്രിമിനല്‍ കേസുകള്‍ നല്‍കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമത്തിന്റെ പിന്‍ബലത്തില്‍ വിവേചനം നിലനിര്‍ത്താനുള്ള ശ്രമം ഇനി വിലപ്പോകില്ല എന്നര്‍ത്ഥം. മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് മുഖ്യമായ കാരണങ്ങളിലൊന്ന് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യമാണ്. മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിക്കാതെ പുരുഷാധിപത്യം നിലനിര്‍ത്തി ചൂഷണം ചെയ്തുപോരുകയായിരുന്നു. ഈ അവസ്ഥയെ പുരോഗമന വാദികളെന്നു പറയുന്നവര്‍ അനുവദിച്ചുകൊടുക്കുകയും ചെയ്തു. മുസ്ലിം സമൂഹത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് അതിനുള്ളില്‍ നിന്നു തന്നെയാണെന്നും, മറ്റുള്ളവര്‍ അതിലിടപെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. പ്രതിലോമപരമായ ഈ നിലപാട് മുസ്ലിം വര്‍ഗീയതയേയും മതമൗലിക വാദത്തെയും ശക്തിപ്പെടുത്തുകയായിരുന്നു. ഭര്ത്താക്കന്മാരെ ജയിലിലാക്കിയാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ആര് ചെലവിനു കൊടുക്കുമെന്നു ചോദിച്ചാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തിനെതിരെ ചിലര്‍ രംഗത്തുവന്നത്. നിഷേധാത്മകവും സാമൂഹ്യ പുരോഗതിയെ പിന്നോട്ടു പിടിച്ചുവലിക്കുന്നതുമായ വര്‍ഗീയ പ്രീണനത്തിന് അന്ത്യം കുറിക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: