ആലപ്പുഴ: കീം പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചെങ്കിലും തുടര്‍പഠനം ഐഐടിയിലായിരുക്കുമെന്ന് ദേവാനന്ദ് വ്യക്തമാക്കി. ആലപ്പുഴ ചന്ദനക്കാവ് മന്ദാരത്തില് പി. പത്മകുമാറിന്റെയും, പി.ആര്. മഞ്ജുവിന്റെയും മകനാണ്. പ്ലസ് ടു കഴിഞ്ഞ് ആദ്യ പരിശ്രമത്തില്‍ത്തന്നെ കീം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാനായത് യാദൃച്ഛികമല്ല. കുട്ടിക്കാലം മുതലേ കണക്കിനോട് ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. ജെഇഇ മെയിന്‍സിന് വേണ്ടി പഠിക്കുകയും അതില്‍ യോഗ്യത നേടുകയും ചെയ്ത ദേവാനന്ദ് വലിയ മുന്‍ഗണന കൊടുക്കാതെയാണ് എഴുതിയത്.
ആദ്യ പത്തിനുള്ളിലേ റാങ്കേ പ്രതീക്ഷിച്ചിരുന്നുള്ളു എന്ന് ദേവാനന്ദ് പ്രതികരിച്ചു. അമൃത എന്‍ജിനീയറിങ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്കും കുസാറ്റ് എന്ട്രന്സില് പതിനാലാം റാങ്കും നേടിയിരുന്നു. പത്താം ക്ലാസില്‍ 500ല്‍ 499 മാര്‍ക്ക് നേടി. ഐഐടിയായിരുന്നു സ്വപ്നം. ജെഇഇ മെയിന്‍സിന് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനമായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് 682-ാം റാങ്ക് നേടുകയും ഐഐടി ഖരഗ്പൂരില്‍ അഡ്മിഷന് നേടുകയും ചെയ്തു. അവിടെയായിരിക്കും തുടര്‍പഠനം.
ഇഷ്ടപ്പെട്ട് പഠിക്കുകയെന്നതാണ് രീതി. ഏറ്റവും എളുപ്പം കണക്കായിരുന്നു. ബുദ്ധിമുട്ടുള്ള കെമിസ്ട്രിക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കും. എല്ലാത്തിനും തുണയായി നില്ക്കുന്ന കുടുംബമാണ് ശക്തി. അവര്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയില്ല.
സാമ്പത്തിക സ്ഥിതി വിവരവകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ റിസര്‍ച്ച് ഓഫീസറാണ് അച്ഛന് പത്മകുമാര്‍, പത്തനംതിട്ട തടിയൂര്‍ എന്‍എസ്എസ് എച്ച്എസ്എസ് പ്ലസ്ടു വിഭാഗം കെമിസ്ട്രി അദ്ധ്യാപികയായ അമ്മ മഞ്ജു 2001ലെ കേരള സര്‍വകലാശാല എംഎസ്സി കെമിസ്ട്രി ഒന്നാം റാങ്ക് ജേതാവാണ്. സഹോദരന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പി.ദേവനാഥ്.
മൂന്നാം റാങ്കുകാരനും ഐഐടിയില്‍ത്തന്നെ
കീമില്‍ മൂന്നാം റാങ്ക് നേടിയ കുറ്റിക്കണ്ടത്തില്‍ വലിയകാവുങ്കല്‍ അലന് ജോണി അനില്‍ മദ്രാസ് ഐഐടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനം നേടിയിരിക്കുകയാണ്. ജെഇഇ അഡ്വാന്‍സ്ഡ് ദേശീയ എന്ട്രന്സില് 1706-ാം റാങ്ക് ആയിരുന്നു അലന്. കീമില്‍ മൂന്നാം റാങ്ക് ആണെങ്കിലും ഐഐടി മദ്രാസില്‍ തന്നെ പഠനം തുടരാനാണ് തീരുമാനമെന്ന് അലന് ജന്മഭൂമിയോടു പറഞ്ഞു.
റാന്നി സ്വദേശിയായ അച്ഛന് അനില്‍ ജേണി സിവില്‍ എന്‍ജിനീയറാണ്. അമ്മ ലീന അനില്‍. പാലാ ചവറ പബ്ലിക് സ്കൂളില്‍ ആയിരുന്നു പ്ലസ്ടു പഠനം. പഠനത്തിനൊപ്പം പാലാ ബ്രില്യന്റ്സില്‍ എന്‍ട്രന്‍സ് പരിശീലനവും നേടിയിരുന്നു. ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ഇവ റോസ് അനില്‍ ഏക സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: