ന്യൂദല്‍ഹി: നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ബിഹാര്‍ പാട്ന സ്വദേശി രാകേഷ് രഞ്ജനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ സിബിഐ അറസ്റ്റുചെയ്തവരുടെ എണ്ണം പത്തായി.
കേസിലെ മുഖ്യപ്രതി നളന്ദ സ്വദേശിയായ സഞ്ജീവ് മുഖിയയുടെ ബന്ധുവാണ് റോക്കി എന്നു വിളിക്കുന്ന രാകേഷ് രഞ്ജന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. രാകേഷ് രഞ്ജനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാട്ന, കൊല്‍ക്കത്ത ഉള്‍പ്പെടെ നാലിടങ്ങളില്‍ സിബിഐ സംഘം പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ ആറ് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
നീറ്റ്-യുജി ചോദ്യപേപ്പറുകള്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്ന് സിബിഐ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. പ്രാദേശികമായാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായതെന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു പരീക്ഷാ കേന്ദ്രത്തില്‍ നിന്നു മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇത് ബാധിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. ചോര്‍ന്ന ചോദ്യപേപ്പറുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഹര്‍ജികള്‍ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: