മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്. വർഷങ്ങൾക്കിപ്പുറമാണ് സിനിമ പുകഴ്‌ത്തപ്പെടുന്നത്. 24 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസിന് ഒരുങ്ങുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. റീ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു.ഈ വേദിയിൽ വച്ച് ദേവദൂതന്റെ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് കൈതപ്രം.
24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്. എന്റെ ഇടതുവശം മുഴുവൻ പ്രവർത്തിക്കുമായിരുന്നു. ഇന്നത് പ്രവർത്തിക്കില്ല. പക്ഷേ ഞാൻ അതിനെ ഭയപ്പെടുന്നില്ല. ദേവദൂതൻ വരുന്നതുപോലെ പുതിയ ഒരാളായിട്ടാണ് ഞാനും വരുന്നത്.39 കൊല്ലം മുൻപ് ലാലിനൊപ്പം വർക്ക് ചെയ്ത ഒരു പാട്ട് എനിക്ക് ഓർമ്മ വരുന്നു. ‘മഴനീര്‍ത്തുള്ളിയെ മുത്തായി മാറ്റും നന്‍മണിച്ചിപ്പിയെപ്പോലെ, നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ’. അന്നത്തെ മഴത്തുള്ളി മുത്തായി മാറ്റി കൊണ്ടാണ് 24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ വരുന്നത്. ഈ സൃഷ്ടി പുതിയ തലമുറയിലേക്ക് പടരട്ടെ
ഞാൻ തിരുവനന്തപുരത്തെ അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത്, നെടുമുടി വേണുവിന്റെ ഒപ്പം ഒരുമിച്ച് താമസിക്കുന്ന കാലത്ത് കണ്ട മോഹൻലാലിനെ തന്നെയാണ് ഇന്നും കാണാൻ കഴിയുന്നത്. കാലങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല.അത് ഏറ്റവും വലിയ കാര്യമാണ്. ദേവദൂതന്റെ പുനർ ജനനം ആഗ്രഹിക്കുന്ന എത്രയോ സിനിമാപ്രേമികൾ ഉണ്ട്. അവർക്കെല്ലാം ഇതൊരു സുവർണ്ണാവസരമാണ്”-കൈതപ്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: