കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് റോഡ് ഷോ നടത്തിയ ജീപ്പ് പിടിച്ചെടുത്ത് പോലീസ്. പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പൊലീസ് മലപ്പുറത്തു നിന്നുമാണ് പിടിച്ചെടുത്തത്. മോട്ടോർ വാഹന വകുപ്പിന്റെ നിർദേശ പ്രകാരമാണ് നടപടി. കേസെടുത്തിനു പിന്നാലെ വാഹനത്തിൽ അനാവശ്യമായി ഘടിപ്പിച്ചിരുന്ന നാല് വലിയ ടയറുകളും എക്സ്ട്രാ ഫിറ്റിങ്സുകളും അഴിച്ചു മാറ്റിയിരുന്നു.
വാഹനത്തിന്റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു.വാഹനം ആർടിഒയ്‌ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്.വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ കേസുകൾ നേരത്തെ എടുത്തിരുന്നു. വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോവുകയാണ്. കണ്ണൂരിൽ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആർടിഒ, സബ് ആർടിഒ പരിധികളിൽ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു. 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: