തൃശൂര്‍ : അത്യപൂര്‍വമായ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) കേരളത്തില്‍ ആശങ്ക പടര്‍ത്തുന്നതിനിടെ കൊച്ചിയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. തൃശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അമൃതയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ജൂണ്‍ 1 ന് പനിയെ തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് 2 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ പനി കൂടിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവിടെ നിന്നും തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് സാമ്പിള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂണ്‍ 16 ന് അമൃത ആശുപത്രിയിലേക്കെത്തിച്ചു. അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകള്‍ ഇതേ ലാബിലേക്ക് അയച്ചു നല്കി നടത്തിയ പുന:പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.
ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ടാഴ്ച മുമ്പ് വെന്റിലേറ്ററിന്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്തു. ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുറിയിലേക്ക് മാറ്റിയത്. നിലവില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചികിത്സയ്ക്ക് നേതൃത്വം നല്കിയ അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: