കോട്ടയം: ക്ഷേമപെന്‍ഷന്‍ കുടിശിക ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ളത് 4250 കോടി രൂപയാണ്. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ബാക്കിയുള്ള ഒരു ഗഡുവെങ്കിലും കൊടുക്കാന്‍ വേണം 600 കോടി രൂപ. ജല അതോറിറ്റി കരാറുകാര്‍ക്ക് 4000 കോടിയും പൊതുമരാമത്ത് കരാറുകാര്‍ക്ക് 2000 കോടിയും തദ്ദേശസ്ഥാപന കരാറുകാര്‍ക്ക് 1000 കോടിയും സപ്ലൈകോയ്‌ക്ക് 2000 കോടിയും നെല്ല് സംഭരിച്ചതിന്റെ വിലയായി കര്‍ഷകര്‍ക്ക് 320 കോടിയും ഉച്ചഭക്ഷണത്തിനായി സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ 150 കോടിയും കൊടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും കേന്ദ്രം തോനെ തോനെ കടം കൊടുക്കാത്തത് മാത്രമാണ് പ്രശ്‌നമെന്നും പറഞ്ഞു നടക്കുന്ന ഇടതുമുന്നണി, നിയമസഭയില്‍ നിവൃത്തിയില്ലാതെ വെളിപ്പെടുത്തിയതാണ് ഈ കണക്കുകള്‍. കൊടുക്കാനുള്ള വന്‍തുകുകളുടെ കണക്കുകള്‍ക്കൊപ്പം കണക്കില്ലാതെ കൊടുക്കാനുള്ളവ കൂടി നിയമസഭയില്‍ വെളിപ്പെടുത്തപ്പെട്ടു. ഏതായാലും രണ്ടുവര്‍ഷംകൊണ്ട് , അതായത് ഈ മുന്നണിയുടെ ഭരണം തീരുന്നതിനു മുന്‍പ് കൊടുത്തു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കുടിശികളുടെ ഒരു കണക്കെടുപ്പ് കൂടിയായി നിയമസഭയിലെ തുറന്നുപറച്ചില്‍ . ഇനിയും കൊടുത്തിട്ടില്ലാത്ത മറ്റു കുടിശികകള്‍ ഇങ്ങനെയാണ്: നെല്ല് സംഭരണത്തിനു നല്‍കേണ്ട തുക, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിര്‍വഹിക്കേണ്ട ചെലവുകളിലെ കുടിശ്ശിക, കാരുണ്യപദ്ധതിയില്‍ അടക്കം മരുന്ന് വിതരണത്തിലെ കുടിശിക, കരാറുകാര്‍ക്ക് ബില്‍ ഡിസ്‌കൗണ്ടിംഗ് സ്‌കീം പ്രകാരമുള്ള കുടിശികയായ 2500 കോടി രൂപ, പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക്, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്, ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള ധനസഹായങ്ങള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, പമ്പിംഗ് സബ്‌സിഡി, കൈത്തറി തൊഴിലാളികള്‍ക്കുള്ള ധനസഹായം, ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്ക് സംഭവിച്ച കൃഷി നാശത്തിനുള്ള ധനസഹായം….. ഇതിനുപുറമേ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ്, പീടികത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അംഗന്‍വാടി വര്‍ക്കേഴ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ ഒട്ടേറെ ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കുള്ള കുടിശിക. ഇതൊക്കെയും കേന്ദ്രം കണക്കില്ലാതെ കടം തന്നാല്‍ മാത്രമേ വീട്ടാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന്‌റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: