ശബരിമലയോടും വര്‍ഷംതോറും അവിടേക്കെത്തുന്ന തീര്‍ത്ഥാടകരോടുമുള്ള വിരോധം കയ്യൊഴിയാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഇനിയും തയ്യാറല്ല എന്നതിനു തെളിവാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കലില്‍നിന്ന് പമ്പവരെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ബസില്‍ യാത്രാ സൗകര്യം ഒരുക്കാനുള്ള സന്നദ്ധതയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യയാത്രയൊരുക്കാന്‍ വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ച് വിശ്വഹിന്ദു പരിഷത്ത് നേരത്തെ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇതിന് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. രണ്ടിടത്തും ഇടതുമുന്നണി സര്‍ക്കാരിന്റെ എതിര്‍പ്പാണ് വിലക്കിന് കാരണമായത്. ഹൈക്കോടതി വിധിക്കെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയും തള്ളണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ബസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് അധികാരമെന്നും, ബസുകള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാകുമെന്നുമൊക്കെ സര്‍ക്കാര്‍ പറയുന്നത് തൊടുന്യായങ്ങള്‍ മാത്രമാണ്. ശബരിമല തീര്‍ത്ഥാടനം ഒരുവിധത്തിലും സുഗമമായി നടക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് ഇതിനു പിന്നില്‍.
ശബരിമല തീര്‍ത്ഥാടനത്തില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന വിഷമതകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളാണ് സൂപ്രീംകോടതിയിലെ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതവും സുഖപ്രദവും കുറഞ്ഞ നിരക്കിലുള്ളതുമായ യാത്രയാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നതെന്നു പറയുന്നത് പൂര്‍ണമായും തെറ്റാണ്. മണ്ഡല-മകരവിളക്കു കാലത്തും മറ്റ് വിശേഷാവസരങ്ങളിലും മാസപൂജയ്ക്ക് നടതുറക്കുമ്പോഴും തീര്‍ത്ഥാടകര്‍ക്കുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നതെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. ബസില്‍ തീര്‍ത്ഥാടകരെ നിര്‍ത്തി യാത്രയില്ല. വേണ്ടത്ര ബസുകളിലെന്ന വാദം തെറ്റാണ്. അമിതനിരക്ക് ഈടാക്കുന്നില്ല എന്നൊക്കെ സത്യവാങ്മൂലത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് തെറ്റാണെന്ന് മണ്ഡല-മകരവിളക്കു കാലത്തെ വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാര്‍ക്കുപോലും അറിയാം. കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പ്രത്യേക ചാര്‍ജു മാത്രമാണ് ഈടാക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നതില്‍നിന്നു തന്നെ സര്‍ക്കാരിന്റെ കള്ളം വെളിച്ചത്താവുന്നുണ്ട്. തീര്‍ത്ഥാടനത്തിനെത്തുന്ന ശബരിമല അയ്യപ്പന്മാര് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇതില്‍ പ്രധാനപ്പെട്ടത് യാത്രാക്ലേശം തന്നെയാണ്. കെഎസ്ആര്‍ടിസി ആവശ്യത്തിനു ബസുകള്‍ ഓടിക്കുന്നില്ല. സര്‍വീസ് നടത്തുന്ന ബസുകളില്‍ സൗകര്യങ്ങളുമില്ല. പഴഞ്ചന്‍ ബസുകളാണ് പലതും. ഇതിന് അമിത ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നു.
ഇടതുപാര്‍ട്ടികളുടെയും അവര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകളുടെയും ശബരിമലയോടും അയ്യപ്പ ഭക്തരോടുമുള്ള ശത്രുതാപരമായ സമീപനം കുപ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ ഭക്തരുടെ വിശ്വാസത്തെ പരിഹസിക്കാനും, തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും, ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ച അയ്യപ്പഭക്തന്മാരെ പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് അതിക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. അയ്യപ്പ ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. അപ്പീലുകള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതോടെ വിവാദമായ സുപ്രീം കോടതി വിധിയുടെ സാധുത ഇല്ലാതായിട്ടും സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ സമീപനത്തില്‍ മാറ്റം വന്നില്ല. ദേവസ്വം ബോര്‍ഡും കെഎസ്ആര്‍ടിസിയും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ശബരിമല ഭക്തരെ കണ്ണില്‍ചോരയില്ലാതെ ചൂഷണം ചെയ്യുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്തിനെയും ക്ഷേത്ര സംരക്ഷണ സമിതിയെയും ഹിന്ദുഐക്യവേദിയെയും പോലുള്ള സംഘടനകള്‍ നിലയുറപ്പിക്കുന്നത് സര്‍ക്കാരിന്റെ രോഷം ക്ഷണിച്ചുവരുത്താറുണ്ട്. ദേവസ്വം അധികൃതരുടെ ഹിന്ദുവിരുദ്ധവും മനുഷ്യത്വരഹിതവുമായ ചെയ്തികള്‍ക്കെതിരെ ശബരിമല തീര്‍ത്ഥാടകരുടെ രക്ഷയ്ക്കെത്താറുള്ളത് ഹിന്ദു സംഘടനകളാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടതിലേറെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സര്‍ക്കാരാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ ദുര്‍മുഖം കാണിക്കുന്നത്. ഇതുതന്നെയാണ് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ അയ്യപ്പന്മാര്ക്ക് സൗജന്യ ബസ് യാത്ര ഒരുക്കാനുള്ള പദ്ധതിയെ എതിര്‍ക്കുന്നതിലുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: