പത്തനംതിട്ട : കാപ്പാ കേസ് പ്രതി ശരണ്ചന്ദ്രനൊപ്പം സിപിഎമ്മില് ചേര്ന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തില് വിചിത്രമായ വിശദീകരണവുമായി സിപിഎം .പിടിയിലായ യദുകൃഷ്ണന് കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നാണ് ഏരിയ സെക്രട്ടറിയുടെ വാദം. എക്സൈസിലെ ഒരു ഉദ്യോഗസ്ഥനും യുവമോര്ച്ച പ്രാദേശിക നേതാവും ചേര്ന്നുളള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നാണ് ഏരിയ സെക്രട്ടറി സഞ്ജുവിന്റെ ആരോപണം.
യുവമോര്ച്ച നേതാവ് കണ്ണനും എക്സൈസ് ഓഫീസര് അസീസും ആണ് ഗൂഢാലോചന നടത്തിയതത്രേ. സി പി എമ്മിലേക്ക് വന്നവരെ കുടുക്കാന് നീക്കം നടക്കുകയാണെന്നും സഞ്ജു പറയുന്നു.
മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല് നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത ശേഷം എക്സൈസ് ഇയാളെ പിന്നീട് ജാമ്യത്തില് വിട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും ശരണ് ചന്ദ്രനും അടക്കം 62 പേര് സിപിഎമ്മില് ചേര്ന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ഇവരെ പാര്ട്ടിയിലേക്ക് സ്വീകരിച്ചത്.മന്ത്രി വീണ ജോര്ജും സ്വീകരണ ചടങ്ങില് പങ്കെടുത്തു.ബി ജെ പി പ്രവര്ത്തകരായിരുന്ന ഇവര് നിരന്തരം അക്രമങ്ങളില് ഏര്പ്പെട്ടതിനെ തുടര്ന്ന് പാര്ട്ടി സംരക്ഷിക്കാതെ വന്നതോടെയാണ് സി പി എമ്മില് ചേര്ന്നത്. ഹൈക്കോടതിയില് നിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷമാണ് ശരണ് ചന്ദ്രനടക്കമുള്ളവര് സിപിഎമ്മിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: