കോഴിക്കോട്: പിഎസ്‌സി കോഴയിടപാടില്‍ സിപിഎം ജില്ലാ നേതൃത്വം ആകെ വിറളിയില്‍. ചില സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുള്ള പല ഇടപാടുകളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. കോഴക്കേസ് പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് രേഖാമൂലം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയം ഗൗരവതരമാണ്.
സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ചില ‘റാക്കറ്റു’കളുടെ പിടിയിലാണെന്ന് മന്ത്രി റിയാസ് പാര്‍ട്ടി ഔദ്യോഗിക വേദികളില്‍ ആരോപിച്ചിരുന്നു. ഇതിനോടു പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും മറ്റു ചില സംസ്ഥാന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. അവര്‍ അടങ്ങിയിരിക്കില്ലെന്നാണ് വിവരം.
കോഴിക്കോട്ട് ചില സിപിഎം നേതാക്കളുടെ ഒത്താശയോടെ റിയല്‍ എസ്റ്റേറ്റ്, ക്വാറി, മറ്റു നിര്‍മാണങ്ങള്‍, കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ക്കു വാടക നിശ്ചയിക്കല്‍ തുടങ്ങി അനവധി ഇടപാടുകള്‍ക്ക് സഹായവും സംരക്ഷണവും നേടുന്നവര്‍ ഏറെയുണ്ട്. റിയാസ് മന്ത്രിയായ ശേഷം ഈ ‘റാക്കറ്റിന്റെ’ ഇടപാടുകാര്‍ക്കിടെ ചില കൂറുമാറ്റങ്ങളുണ്ടായി.
ഒരിക്കല്‍ റിയാസിന്റെ വലംകൈയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പ്രമോദ് കോട്ടൂളി ഇപ്പോള്‍ സിഐടിയു നേതാവ് എളമരം കരീമിനൊപ്പമാണ്. ചില സംസ്ഥാന നേതാക്കളും ഇയാള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടാണ് ‘എനിക്കെതിരേ പരാതിയോ കേസോ ഉണ്ടെങ്കില്‍ അതു പാര്‍ട്ടി പറയട്ടെ,’ എന്നു പറയാന്‍ യുവനേതാവ് ധൈര്യം കാണിച്ചതത്രേ. പാര്‍ട്ടിക്കു പരാതി കൊടുത്തിട്ടുള്ളതല്ലാതെ കോഴക്കേസുമായി പോലീസില്‍ പരാതിയെത്തിയിട്ടില്ല.
ആരോപണത്തില്‍ പേരു പരാമര്‍ശിക്കുന്ന മന്ത്രി റിയാസോ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പ്രമോദോ പരാതിക്കാരായ ഡോക്ടര്‍ ദമ്പതിമാരോ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. അതിനാല്‍, ഈ സംഭവത്തെക്കുറിച്ചു പരാതിക്കാരില്‍ നിന്ന് ചോദിച്ചറിഞ്ഞതൊഴിച്ചാല്‍ മറ്റു നടപടികള്‍ക്കു പോലീസ് തുനിയില്ല. നിയമസഭയില്‍ മുഖ്യമന്ത്രിക്കു മറുപടി പറയാന്‍ മാത്രമാണ് പോലീസ് പരാതിക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചത്.
പ്രമോദിനെ മാത്രം പ്രതിയാക്കി പാര്‍ട്ടി നടപടിയെടുത്താല്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരേ അഴിമതികള്‍ പുറത്തുവരും. അതിനാല്‍ വിഷയത്തില്‍ പരമാവധി നടപടി വൈകിച്ചു നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. പിഎസ്‌സി അംഗമാക്കാന്‍ സിപിഎം നേതാവ് 60 ലക്ഷം രൂപയുടെ കോഴയിടപാടിന് കോഴിക്കോട്ടെ ഒരു ഡോക്ടറുമായി കരാറുണ്ടാക്കി, അതില്‍ 22 ലക്ഷം രൂപ വാങ്ങിയതാണ് സംഭവം. (60 കോടി, 22 കോടിയെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്തയിലുണ്ടായ പിശകില്‍ ഖേദിക്കുന്നു).
മന്ത്രി റിയാസിന്റെ സഹായത്തോടെ നിയമിക്കാമെന്ന് കോഴ വാങ്ങിയ യുവനേതാവ് ഉറപ്പുകൊടുത്തെന്ന് പണം കൊടുത്ത ഡോക്ടര്‍ സിപിഎമ്മിനു നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: