ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പബ്ലിക് സര്‍വീസ് കമ്മീഷന് അഥവാ പിഎസ്സി. ഭരണഘടനാ നിബന്ധന പ്രകാരം മൂന്ന് അംഗങ്ങള്‍ തന്നെ ധാരാളം. എന്നാല്‍ ഇന്ന് പിഎസ്സിയ്ക്ക് അംഗങ്ങള്‍ 21 ആണ്. ഘടകക്ഷികളുടെ എണ്ണവും വലിപ്പവും നോക്കി എണ്ണം അണ്ടോടാണ്ട് കൂടിവന്നു. അങ്ങനെയാണ് അംഗങ്ങള്‍ പെരുകി വന്നത്. അംഗങ്ങള്‍ കൂടണമെന്നല്ലാതെ കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടേയില്ല. കാലാവധി പൂര്‍ത്തിയാക്കി പുതിയ അംഗങ്ങളുടെ നിയമവേളയാണ് ഘടകക്ഷികളുടെ ചാകര. ഇപ്പോള്‍ ഒരംഗത്തിന് വില നിലവില്‍ 60 ലക്ഷമായത്രെ. ആ വിലപേശലാണ് കോഴിക്കോട് നിന്ന് വാര്‍ത്തയായത്. ഒരു മന്ത്രിയുടെ പിന്‍ബലത്തോടെ എല്ലാം ശരിയാക്കാമെന്ന് വാക്കുനല്കി ഒരു പ്രാദേശിക നേതാവ് 22 ലക്ഷം അഡ്വാന്‍സ് കൈപ്പറ്റി എന്ന വാര്‍ത്ത പുറത്തുവന്നതോടെ നടപടികള്‍ ചട്ടപ്രകാരം ഉണ്ടാകുമെന്നല്ലാതെ കാര്യമായി പ്രതികരിക്കാനൊന്നും മുഖ്യമന്ത്രിയും കൂട്ടാക്കിയില്ല. പിഎസ്സി അംഗത്തെ നിശ്ചയിക്കുന്നതില്‍ ഒരു കാശിടപാടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നാണ് പണം കൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പില്‍ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നല്‍കിയെന്ന് പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സിപിഎം, പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ ഈ വ്യക്തിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ അതും നടന്നില്ല. ഇതോടെയാണ് പാര്‍ട്ടിക്ക് പരാതി പോയത്.
ഡീല്‍ ഉറപ്പിക്കുന്ന ശബ്ദ സന്ദേശവും പരാതിക്ക് ഒപ്പം കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി. ഇടപാട് നടന്നിട്ടുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. വിവരം പാര്‍ട്ടി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
സിപിഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹത്തിന് മറ്റ് നേതാക്കളുടെ പിന്തുണയുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പരാതിയില്‍ വിശദമായി അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി മുഹമ്മദ് റിയാസും. പണം നല്കിയ വ്യക്തിക്ക് സിപിഎമ്മുമായി അടുപ്പമുണ്ട്. പരാതി പൊലീസിന് നല്‍കിയിട്ടില്ല. സംഭവം പൊലീസിലേക്ക് പോകാതെ പരിഹരിക്കാനാണ് പാര്‍ട്ടി നേതൃത്വവും ശ്രമിക്കുന്നത്. വാര്‍ത്ത ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍ നാട്ടില്‍ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യോത്തര വേളയിലാണ് എം.കെ. മുനീറിന് വേണ്ടി എന്‍.ഷംസുദ്ദീന് വിഷയം ചൂണ്ടിക്കാണിച്ചത്.
‘പിഎസ്സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചു. ഇതില്‍ 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവന്ന വാര്‍ത്തയിലുള്ളത്. ഇതിന് മുന്‍പും പിഎസ് സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട്ടു നിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക’, എന്നാണ് ഷംസുദീനറിയേണ്ടത്.
‘പിഎസ്സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. നാട്ടില്‍ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ട്. അതിന് സ്വാഭാവിക നടപടി ഉണ്ടാകും’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് വിവരം. ഇയാളെ സിപിഎം, സിഐടിയു ഭാരവാഹിത്വങ്ങളില്‍ നിന്ന് നീക്കും. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നാലംഗ കമ്മിഷനെയും സിപിഎം നിയമിച്ചു.
വനിതാ ഡോക്ടര്‍ക്കായി ഭര്‍ത്താവാണ് തുക നല്‍കിയത്. 20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 60 ലക്ഷം രൂപ നല്കിയാല് പിഎസ്സി അംഗത്വം നല്‍കാമെന്നായിരുന്നു പ്രമോദിന്റെ വാഗ്ദാനം. പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല. പിന്നാലെ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. ഇതോടെയാണ് ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്‍.ഷംസുദ്ദീന് എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്സി അംഗമാക്കാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.
സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. നിര്‍ഭാഗ്യകരമായ കാര്യമാണത്. സാധാരണ രീതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത്തരം കാര്യങ്ങള്‍ പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുണ്ട്.
പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നിയമനത്തില്‍ ഒരു വിധത്തിലുള്ള വഴിവിട്ട കാര്യങ്ങളും നടക്കാറില്ല. നാട്ടില്‍ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. തട്ടിപ്പിനായി ആളുകള്‍ ശ്രമിക്കും. തട്ടിപ്പ് നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നല്ലാതെ മരുമകന് മന്ത്രിക്ക് അഴിമതിയില്ലെന്ന് തറപ്പിച്ചുപറയാന്‍ മുഖ്യമന്ത്രിക്കെന്തുകൊണ്ടോ വൈമനസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: