രാജ്യത്തേറ്റവും ക്രൂരമായ ദളിത് വിരുദ്ധ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമെന്ന ചീത്തപ്പേര് പതിറ്റാണ്ടുകളായി പെരിയാര്‍ രാമസ്വാമിയുടെ അനുയായികള്‍ ഭരിക്കുന്ന തമിഴ്നാടിന് സ്വന്തമാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് എം.കെ. സ്റ്റാലിന് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പ്രതിവര്‍ഷം രണ്ടായിരത്തിലധികം ദളിത് വിരുദ്ധ അക്രമങ്ങളാണ് തമിഴ്നാട്ടില്‍ ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ കമ്യൂണിസ്റ്റുകളും തമിഴ്നാട്ടില്‍ പെരിയാറിസ്റ്റുകളും ഭരിക്കുന്ന കാലത്തോളം ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് യാതൊരുവിധ മാധ്യമ ശ്രദ്ധയും ലഭിക്കാറില്ല. ഇതു തന്നെയാണ് ഇത്തരം സംഭവങ്ങളുടെ വര്‍ധനവിനും ഒരു പരിധിവരെ കാരണം. ഉത്തര്‍പ്രദേശിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ ദളിതര്‍ക്കെതിരെ നടക്കുന്ന ഏതെങ്കിലും അക്രമ സംഭവങ്ങളില്‍ ലഭിക്കുന്ന വാര്‍ത്താ പ്രധാന്യം എന്തുകൊണ്ടാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും ദളിത് വിരുദ്ധ അക്രമങ്ങളില്‍ ലഭിക്കാത്തത് എന്നത് പരിശോധിച്ചാല്‍ ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് വ്യക്തമാകും. ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്ട്രോങ് കൊല്ലപ്പെട്ട സംഭവത്തിന്റെ വാര്‍ത്തകള്‍ തമിഴ്, മലയാളം മാധ്യമങ്ങളില്‍ എത്ര പ്രാധാന്യത്തോടെ വന്നു എന്നു പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം ബോധ്യപ്പെടും. ദളിത്, സ്ത്രീ, പിന്നാക്ക വിഷയങ്ങളില്‍ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഇടതു ലിബറല്‍ ബുദ്ധി ജീവികളും സ്വീകരിക്കുന്ന തട്ടിപ്പുനിറഞ്ഞ സമീപനങ്ങളുടെ കൂടെ ഫലമാണ് തമിഴ്നാട്ടിലടക്കം ഇനിയും തുടരുന്ന ദളിത് വേട്ടകള്‍.
ജൂലൈ ഒന്നിനാണ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. ആംസ്ട്രോങ് തമിഴ്നാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചെന്നൈയിലെ പെരമ്പൂരില്‍ സ്വന്തം വീടിന് സമീപത്തു വെച്ചാണ് ആംസ്ട്രോങിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും അക്രമിസംഘത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സ്റ്റാലിന്റെ പോലീസിന് സാധിച്ചിട്ടില്ല. തമിഴ്നാട്ടിലെങ്ങും വലിയ തോതിലുള്ള ദളിത് പ്രതിഷേധങ്ങളാണ് ആംസ്ട്രോങിന്റെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറുന്നത്. ബിഎസ്പി അധ്യക്ഷ മായാവതിയടക്കം ചെന്നൈയിലെത്തി ആംസ്ട്രോങിന് ആദരാഞ്ജലി അര്‍പ്പിക്കുകയും കൊലപാതകം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തമിഴ്നാട് പോലീസില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മായാവതിയുടെ തീരുമാനം എം.കെ. സ്റ്റാലിന് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദളിത് പിന്നാക്ക സമുദായങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിക്കണമെന്ന് മായാവതി സ്റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ പ്രധാന ദളിത് ശബ്ദമായിരുന്നു ആംസ്ട്രോങെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മായാവതി പോലീസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ ആംസ്ട്രോങിന്റെ ശവസംസ്കാരം തടഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നടപടിയും വിവാദമായിരുന്നു. പെരമ്പൂരില്‍ സംസ്കരിക്കാനുള്ള ബിഎസ്പി പ്രവര്‍ത്തകരുടേയും ആംസ്ട്രോങിന്റെ കുടുംബത്തിന്റെയും തീരുമാനത്തെ സ്റ്റാലിന് സര്‍ക്കാര്‍ എതിര്‍ത്തു. ഒടുവില്‍ കോടതിയെ സമീപിച്ച് തിരുവള്ളൂര്‍ ജില്ലയില്‍ പൊത്തൂരിലെ കുടുംബ സ്ഥലത്താണ് സംസ്കാരം നടത്താന്‍ അനുമതി നേടിയെടുത്തത്. സാമൂഹ്യനീതി എന്നത് വോട്ട് വാങ്ങാനുള്ള മുദ്രാവാക്യം മാത്രമാണോ എന്ന ചോദ്യവുമായി സംവിധായകന് പാ. രഞ്ജിത് അടക്കമുള്ള പ്രമുഖര്‍ സ്റ്റാലിന് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആംസ്ട്രോങിന്റെ കൊലപാതകത്തില്‍ സ്റ്റാലിന് സര്‍ക്കാരിനെയും പോലീസിനെയും നിശിതമായാണ് പാ. രഞ്ജിത് വിമര്‍ശിച്ചത്. ദളിത് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയെന്ന് രഞ്ജിത് ചോദിക്കുന്നു. ഇങ്ങനെയാണോ സ്റ്റാലിന് സര്‍ക്കാര്‍ ഡോ. ബാബാസാഹേബ് അംബേദ്ക്കറുടെ പാരമ്പര്യത്തെ പരിഗണിക്കുന്നതെന്നും പാ. രഞ്ജിത് സാമൂഹ്യമാധ്യമത്തില്‍ കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെങ്ങും വലിയ തോതിലുള്ള ദളിത് അക്രമങ്ങളാണ് അരങ്ങേറുന്നതെന്ന് കേന്ദ്രമന്ത്രിയും പട്ടികജാതി കമ്മീഷന് മുന്‍ അധ്യക്ഷനുമായ ഡോ. എല്‍. മുരുകന് ആരോപിച്ചിട്ടുണ്ട്. ദളിത് വിഭാഗം ജനങ്ങളും ദളിതരായ രാഷ്ട്രീയ നേതാക്കളും തമിഴ്നാട്ടില്‍ സുരക്ഷിതരല്ലെന്നും ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഡിഎംകെ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ആരോപിക്കുന്നു. സംസ്ഥാനത്തെ ദളിത് വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ ബിജെപി ദേശീയ പട്ടികജാതി കമ്മീഷനെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. സാമൂഹ്യനീതിയെപ്പറ്റി സംസാരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്തയാളാണ് മുഖ്യമന്ത്രി സ്റ്റാലിനെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നത്.
തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മ്മാര്‍ജ്ജന സമിതി നടത്തിയ സര്‍വ്വേയില്‍ തമിഴ്നാട്ടിലെ 22 ഗ്രാമങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അവരുടെ കസേരയില്‍ ഇരിക്കാന്‍ അനുമതിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജാതി വിവേചനം മൂലമാണ് ഇപ്പോഴും ഈ സ്ഥിതി ഇവിടങ്ങളില്‍ തുടരുന്നത്. സംസ്ഥാന മുഖ്യമന്ത്രി നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സാമൂഹ്യനീതി എന്ന മുദ്രാവാക്യം സ്വന്തം സംസ്ഥാനത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നല്കാന് സ്റ്റാലിന് ഇനിയും സാധിക്കുന്നില്ല എന്നതിന് മറ്റെന്തു തെളിവുകളാണ് ആവശ്യം. കള്ളക്കുറിച്ചിയില്‍ നടന്ന വ്യാജമദ്യദുരന്തത്തില്‍ മരിച്ച എഴുപതോളം പേരില്‍ പകുതിയും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും ഇരകളാക്കപ്പെടുന്നവരെ സംരക്ഷിക്കുന്നതിലും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഗുരുതര വീഴ്ചകള്‍ തുടരുകയാണ്.
ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ വലിയതോതില്‍ ചര്‍ച്ചയാക്കുകയും പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്ന സംഘങ്ങള്‍ തമിഴ്നാട്ടിലെയോ ബംഗാളിലേയോ സംഭവങ്ങളില്‍ പ്രതികരിക്കാതായിട്ട് എത്രയോ കാലമായി. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തമുണ്ടായി ഇത്രനാളുകള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയോ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുലോ പ്രതികരിച്ചിട്ടില്ല. ബംഗാളില്‍ മമതാ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രൂര അക്രമങ്ങളെപ്പറ്റി ഏതെങ്കിലും കോണ്‍ഗ്രസ്, കമ്യൂണിസ്റ്റു നേതാക്കള്‍ പ്രതികരിച്ച് ആരെങ്കിലും കണ്ടിട്ടുണ്ടോ. സന്ദേശ് ഖാലിയിലും ബംഗാളിലെ മറ്റ് മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ദളിത് ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി ആരെങ്കിലും വായ തുറന്നിട്ടുണ്ടോ. സന്ദേശ്ഖാലിയില്‍ ഹിന്ദു ദളിത് സ്ത്രീകള്‍ക്ക് നേരേ നടന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റി രാഹുലോ സീതാറാം യെച്ചൂരിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിപക്ഷ നേതാക്കളോ എപ്പോഴെങ്കിലും പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാം ഇവരുടെ തനിഗുണം. ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയും രാജ്യസഭാംഗവുമായ സ്വാതി മാലിവാള്‍ പ്രതിപക്ഷത്തെ നേതാക്കളുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തുകൊണ്ട് എഴുതിയ കത്ത് ഏറെ പ്രധാനപ്പെട്ടതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്ന കത്ത്, പക്ഷേ രാജ്യത്തെ മോദിവിരുദ്ധ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതെ പൂട്ടിവെച്ചു. പ്രതിപക്ഷ നേതൃനിരയിലെ പ്രധാനിയും ഇന്‍ഡി സഖ്യത്തിലെ മുന്‍നിര പോരാളിയുമായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് വനിതാ രാജ്യസഭാംഗമായ സ്വാതിയെ കെജ്രിവാളിന്റെ സെക്രട്ടറി അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കാതെ മൗനത്തിലിരുന്ന പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ചുകൊണ്ടാണ് സ്വാതി കത്തെഴുതിയത്. രാജ്യസഭാംഗവും വനിതാ കമ്മീഷന് അധ്യക്ഷയുമായ സ്ത്രീയ്ക്ക് നേരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന അക്രമത്തില്‍ പോലും രാഹുലും പ്രിയങ്കാ വാദ്രയും കോണ്‍ഗ്രസ് നേതാക്കളും കമ്യൂണിസ്റ്റു നേതാക്കളും മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതികരിക്കാതിരുന്നത് സ്വാതിയെ അമ്പരപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ ഈ ഇടത് നിയന്ത്രിത കോണ്‍ഗ്രസ് അനുകൂല ഇക്കോസിസ്റ്റത്തിന്റെ ശക്തിയെപ്പറ്റി നല്ല ധാരണയുള്ളവര്‍ക്കൊന്നും ഇക്കൂട്ടരുടെ ഇരട്ടത്താപ്പും നിലപാടില്ലായ്മയും പുതുമയുള്ള കാര്യമല്ല. പച്ചക്കള്ളം പലവട്ടം ആവര്‍ത്തിച്ച് പ്രചരിപ്പിച്ചും സത്യങ്ങളെ പകല്‍വെട്ടത്തില്‍ പോലും തിരസ്ക്കരിച്ചും നല്ല ശീലമുള്ള ഇവര്‍ക്ക് ദളിത്, പിന്നാക്ക, സ്ത്രീ സുരക്ഷ എന്നത് വാചകക്കസര്‍ത്തിനുള്ള ഒരു വിഷയം മാത്രമാണ്. ദളിതരും സ്ത്രീകളും പിന്നാക്കക്കാരും കാലാകാലങ്ങളായി ഇവര്‍ക്ക് വെറും വോട്ട്ബാങ്ക് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: