India

നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിയതിന് സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

പതഞ്ജലിയുടെ 14 ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത് ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് വകുപ്പ്

Published by

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് സംസ്ഥാന ലൈസന്‍സിംഗ് വകുപ്പ് ഏപ്രിലില്‍ നിരോധിച്ച 14 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പരസ്യവും നിര്‍ത്തിയതിന് തെളിവ് നല്‍കാന്‍ പതഞ്ജലി ആയുര്‍വേദിക്കിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
യോഗാ ഗുരുവും വ്യവസായിയുമായ രാംദേവ് പതഞ്ജലിയുടെ പേരില്‍ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ഐഎംഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
14 ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പനയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടോ എന്നു സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്‌ക്കകം സമര്‍പ്പിക്കണം. കേസ് ജൂലൈ 30 ന് പരിഗണിക്കും.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് ഇതുവരെ പതഞ്ജലിയെ അറിയിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് പതഞ്ജലി ഇക്കാര്യം അറിഞ്ഞത്. ഏതെങ്കിലും ഔദ്യോഗിക ആശയവിനിമയം ലഭിക്കുന്നതുവരെ, ഏപ്രില്‍ 15-ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി 14 ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പാലിക്കാന്‍ പതഞ്ജലി ബാധ്യസ്ഥരാണെന്ന് അഭിഭാഷകന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by