ന്യൂദല്‍ഹി : ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീറിനെ നിയമിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഗംഭീറില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ അനുയോജ്യനായ വ്യക്തിയായണെന്നും ജയ് ഷാ പറഞ്ഞു.
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആധുനിക ക്രിക്കറ്റ് അതിവേഗം വികസിച്ചകൊണ്ടിരിക്കുന്ന ഈ വേളയില്‍ ഗൗതം അടുത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ നേരിട്ട് വിവിധ റോളുകളില്‍ മികവ് പുലര്‍ത്തി.ഈ പുതിയ പദവിയില്‍ ബിസിസിഐ ഗംഭീറിനെ നിയമിക്കുന്നതില്‍ സന്തോഷം- ജയ് ഷാ എക്സില്‍ എഴുതി.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ഓപ്പണറായിരുന്നു ഗംഭീര്‍.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീം മെന്ററായി പ്രവര്‍ത്തിച്ചു. ഗംഭീറിന്റെ മാര്ഗനിര്ദേശത്തിന് കീഴില്‍ കെകെആര്‍ ഈ സീസണില്‍ തങ്ങളുടെ മൂന്നാം ഐപിഎല്‍ ട്രോഫി ഉയര്‍ത്തി.
ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചു. ഈ ഒഴിവിലാണ് ഗംഭീര്‍ മുഖ്യപരിശീലകനായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: