ന്യൂഡല്‍ഹി: ഏറ്റവും കുറഞ്ഞ മൊബൈല്‍ നിരക്ക് ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പരിധിയില്‍ നിന്നുകൊണ്ടാണ് കമ്പനികള്‍ നിരക്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മൊബൈല്‍ സേവന നിരക്കുകള്‍ നിയന്ത്രണ പരിധിയില്‍ തന്നെയാണെന്നും അധികൃതര്‍ വിശദീകരിച്ചു. വിവിധ രാജ്യങ്ങളുടെ മൊബൈല്‍ നിരക്കുകള്‍ താരതമ്യം ചെയ്തിട്ടുള്ള പട്ടികയും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 140 മിനിട്ട് വോയിസ് കോള്‍, 70 എസ്എംഎസ്, രണ്ട് ജിബി ഇന്റര്‍നെറ്റ് എന്നിവയ്ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന തുകയാണ് താരതമ്യം ചെയ്തത്. യുഎസ് 4090 രൂപയും ചൈന 737 രൂപയും ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത് 157 രൂപയോളം ആണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായി നിരക്ക് ഉയര്‍ത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: