Sports

യൂറോ 2024; സ്‌പെയിന്‍-ഫ്രാന്‍സ് ആദ്യ സെമി ഇന്ന് രാത്രി 12.30ന്‌

Published by

മ്യൂണിക്ക്: യൂറോ 2024-ല്‍ ചാമ്പ്യന്മാരെ നിശ്ചയിക്കാന്‍ ഇനി മൂന്ന് പോരാട്ടം മാത്രം ബാക്കി. രണ്ട് സെമിയും ഒരു ഫൈനലും. ആദ്യ സെമിയില്‍ ബുധനാഴ്ച പുലര്‍ച്ച 12.30ന് സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. നാളെ രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെയും നേരിടും. പുലര്‍ച്ചെ 12.30നാണ് ഈ മത്സരവും.

ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമിലുള്ള ടീമാണ് യുവത്വവും പരിചയസമ്പത്തുമടങ്ങിയ താരങ്ങളുമായി എത്തിയ സ്‌പെയിന്‍. അധിക സമയത്തേക്ക് നീണ്ട ക്വാര്‍ട്ടറില്‍ ആതിഥേയരായ സ്‌പെയിനിനെ 2-1ന് കീഴടക്കിയാണ് അവര്‍ സെമിയിലേക്ക് കുതിച്ചെത്തിയത്. ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് പോകാതെ വിജയിച്ച ഒരു ടീമുമാണ് സ്‌പെയിന്‍. മറ്റൊന്ന് നെതര്‍ലന്‍ഡ്‌സാണ്.

ഈ യൂറോകപ്പില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് സ്‌പെയിന്‍ എന്ന് ഉറപ്പിച്ചു പറയാം. അത്രയ്‌ക്ക് ഗംഭീരമായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലുള്‍പ്പെടെ അവരുടെ പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിന്‍ ആദ്യ കളിയില്‍ 3-0ന് ക്രൊയേഷ്യയെയും രണ്ടാം മത്സരത്തില്‍ 1-0ന് ഇറ്റലിയെയും അവസാന കളിയില്‍ അല്‍ബേനിയയെ 1-0നും പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളടിച്ച അവര്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല. പ്രീ ക്വാര്‍ട്ടറില്‍ ജോര്‍ജിയയെ 4-1നും തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ അധിക സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മെറിനോ നേടിയ ഗോളിന്റെ കരുത്തില്‍ 2-1ന് ആതിഥേയരായ ജര്‍മനിയെ പരാജയപ്പെടുത്തി. ഇതുവരെ കളിച്ച അഞ്ച് കളികളില്‍ നിന്ന് 11 ഗോളടിച്ച സ്‌പെയിന്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം. കരുത്തുറ്റ പ്രതിരോധവും അതിനൊത്ത മധ്യ-മുന്നേറ്റനിരയുമാണ് അവരുടെ കരുത്ത്. ഗോള്‍വലയ്‌ക്ക് മുന്നില്‍ ചോരാത്ത കൈകളുമായി ഉനെയ് സിമോണ്‍ ഇറങ്ങും. പ്രതിരോധത്തില്‍ ഡാനി കര്‍വാജലിന്റെയും ലെ നൊര്‍മാന്‍ഡിന്റെയും സാന്നിധ്യം ഉണ്ടാകില്ല എന്നതാണ് സ്‌പെയിനിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ജര്‍മനിക്കെതിരായ കളിയില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതാണ് കാര്‍വാജലിന് സെമി മത്സരം നഷ്ടമാകാന്‍ കാരണം. ലെ നൊര്‍മന്‍ഡും സസ്‌പെന്‍ഷനിലാണ്. നായകന്‍ ജീസസ് നവാസ്, നാച്ചോ, ലപോര്‍ട്ടെ, മാര്‍ക് കുകെര്‍ല എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി റോഡ്രി, ഫാബിയന്‍ റൂയിസ് എന്നിവരും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി 16കാരന്‍ ലാമിനെ യമാല്‍, ഡാനിഒല്‍മോ, വില്യംസ് എന്നിവരും സ്‌ട്രൈക്കറായി ആല്‍വാരോ മൊറാട്ടോയും ഇറങ്ങാനാണ് സാദ്ധ്യത.

അതേസമയം സെമിയിലെത്തിയെങ്കിലും ഫ്രാന്‍സിന് ഇതുവരെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകളാണ് ഫ്രാന്‍സ് നേടിയത്. രണ്ട് സെല്‍ഫ് ഗോളുകളും ഒരു പെനാല്‍റ്റി ഗോളും.

ഓസ്ട്രിയയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഒരു ഗോളിനാണ് ഫ്രാന്‍സ് വിജയിച്ചത്. ഓസ്ട്രിയന്‍ താരം മാക്സിമിലിയന്‍ വോബറിന്റെ സെല്‍ഫ് ഗോളാണ് ടീമിന് നേട്ടമായത്. നെതര്‍ലന്‍ഡ്സിനെതിരായ രണ്ടാം മത്സരം ഗോള്‍രഹിതസമനിലയില്‍ അവസാനിച്ചു.

അവസാനഗ്രൂപ്പ് മത്സരത്തില്‍ പോളണ്ട് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. എംബാപ്പെ പെനാല്‍റ്റിയില്‍ ഗോള്‍ നേടി. ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടറിലും സെല്‍ഫ് ഗോള്‍ തുണച്ചു. ബെല്‍ജിയം ഡിഫന്‍ഡര്‍ യാന്‍ വെര്‍ടോംഗന്റെ സെല്‍ഫ് ഗോളിലാണ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പിന്നാലെ പോര്‍ച്ചുഗലുമായുള്ള ക്വാര്‍ട്ടര്‍ മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. ഒടുവില്‍ ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് ജയിച്ച് സെമിയിലെത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും ഗ്രിസ്മാനും ഷുമെനിയുമടങ്ങുന്ന താരനിരയ്‌ക്ക് ടൂര്‍ണമെന്റിലിതുവരെ അവസരത്തിനൊത്തുയരാനാ
യിട്ടില്ല.

കഴിഞ്ഞ കളികളിലെ ഈ പോരായ്മ മറികടന്നാലേ സ്‌പെയിനിനെതിരായ കളിയില്‍ അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയ്‌ക്ക് വകയുള്ളൂ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by