ന്യൂദല്‍ഹി: ഇക്കുറി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി കൂടുതല്‍ മൂലധനം ചെലവഴിക്കുമെന്ന് അമേരിക്ക ആസ്ഥാനമായ ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ് മന്‍ സാക്സ്. റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും നല്‍കിയ 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനപദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചെലവഴിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോള്‍ഡ് മന്‍ സാക്സ് പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്‍വെസ്റ്റ് ബാങ്കാണ് ഗോള്‍ഡ് മന്‍ സാക്സ്.
ഇതോടെ ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ തുടങ്ങിവെച്ച റോഡ്, പാലങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ എന്നിവയുടെയെല്ലാം വികസനം തുടരുമെന്ന് തന്നെയാണ് കരുതുന്നത്. ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആഗോളനിലവാരമുള്ള അടിസ്ഥാന സൗകര്യവികസനം സൃഷ്ടിക്കല്‍. 2021 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അടിസ്ഥാനവികസനസൗകര്യമൊരുക്കാന്‍ വന്‍തോതില്‍ മോദി സര്‍ക്കാര്‍ മൂലധനം ചെലവിട്ടതാണ് രാജ്യം പുരോഗതിയിലേക്ക് കുതിക്കാന്‍ കാരണമായതെന്നും ഗോള്‍ഡ് മന്‍ സാക്സ് വിശദീകരിക്കുന്നു.
അതേ സമയം, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയും രാജ്യത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പദ്ധതികളും മൂന്നാം മോദി സര്‍ക്കാരിന്റെ ഈ ബജറ്റില്‍ ഉണ്ടാകും.
അതുപോലെ ധനകമ്മി ഈ സാമ്പത്തിക വര്‍ഷം (2024-25) 5.1 ശതമാനമാക്കി കുറയ്‌ക്കാനുള്ള നടപടിയുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം (2025-26) ധനകമ്മി 4.5 ശതമാനമാക്കി കുറയ്‌ക്കാനും മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് നയങ്ങള്‍ ആവിഷ്കരിക്കുമെന്നും ഗോള്‍ഡ് മന്‍ സാക്സ് പറയുന്നു.
തൊഴില്‍ സൃഷ്ടിക്കുക, നാണ്യപ്പെരുപ്പത്തെ തടയുക എന്നിവ അടിസ്ഥാനലക്ഷ്യമാക്കിക്കൊണ്ടുള്ള മോദിയുടെ വികസിത് ഭാരത് 2047 എന്ന പദ്ധതി ലക്ഷ്യമിട്ടുകൊണ്ടുള്ള നയങ്ങളായിരിക്കും രൂപവല്‍ക്കരിക്കുകയെന്നും ഗോള്‍ഡ് മന്‍ സാക്സ് പറയുന്നു. കൂടുതല്‍ തൊഴിലാളികളെ ആവശ്യമായ ഉല്‍പാദനരംഗം പ്രോത്സാഹിപ്പിക്കല്‍, ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കല്‍, ആഭ്യന്തര ഭക്ഷ്യ വിതരണ ശൃംഖല വിപുലമാക്കല്‍, ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, വിലക്കയറ്റം തടയാന്‍ ഭക്ഷ്യശേഖരം കൃത്യമായി മാനേജ് ചെയ്യല്‍ എന്നിവയിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാണ് ബജറ്റ് ഊന്നല്‍ നല്കുക എന്നും ഗോള്‍ഡ് മന്‍ സാക്സ് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: