കോഴിക്കോട്: പിഎസ്‌സി മെമ്പര്‍ നിയമനത്തിന് കോഴവാങ്ങിയെന്നതടക്കം കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിക്ക് പിന്നില്‍ ഒരു കേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരോപണം ഉയർന്ന് വന്നത് സാധാരണ നേതാവിലേക്കല്ല, സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലേക്കാണ്, അത് കൊണ്ട് തന്നെ ഇത് ഒരു സാധാരണ അഴിമതി ആരോപണമല്ലെന്നും ഗൗരവമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
50 ലക്ഷമൊക്കെ കോഴ നല്‍കി പിഎസ്‌സി മെമ്പറാകുന്ന ആളുകള്‍ നടത്തുന്ന പരീക്ഷകളില്‍ എന്തെല്ലാം കൃത്രിമം നടത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെ ബന്ധുവായ മന്ത്രിയിലേക്കാണ് ആരോപണങ്ങളെല്ലാം വരുന്നത്. വല്ല ജി സുധാകരനോ എം.എ ബേബിയോ ഗോവിന്ദനോ വിചാരിച്ചാല്‍ കേരളത്തില്‍ പിഎസ്‌സി മെമ്പറെ നിയോഗിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് മാത്രമേ അതിന് കഴിയൂവെന്നും കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ അടുപ്പക്കാരനാണ് ആരോപണവിധേയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേര് പറഞ്ഞാണ് പണം വാങ്ങിയിരിക്കുന്നത്. വ്യാപകമായ തീവെട്ടി കൊള്ളയാണ് നടത്തിവരുന്നത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ പേരിലും വലിയ അഴിമതി നടന്നു. തുറമുഖ വകുപ്പ് കോഴിക്കോട് കടപ്പുറത്ത് ഹോട്ടല്‍ സമുച്ചയം പണിയാന്‍ സിപിഎം നേതാവിന്റെ ബന്ധുവിന് സ്ഥലം അനുവദിച്ചിരിക്കുന്നു. തുടര്‍ച്ചയായി നടക്കുന്ന അഴിമതിയുടെ ഭാഗം തന്നെയാണ് ഇതൊക്കെയും.
ഭരണത്തില്‍ സ്വാധീനമുള്ള ഒരു പ്രത്യേക വിഭാഗം വലിയ അഴിമതി നടത്തിക്കൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: