തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തലുകള്‍ വാക്കിലും പ്രവൃത്തിയിയിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തലത്തില്‍ വേണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ജനങ്ങളെ കേള്‍ക്കാന്‍ പാര്‍ട്ടി തയാറാവണമെന്നും പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിൽ എം എ ബേബി ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ് ഇപ്പോള്‍ നമ്മുടെ പാര്‍ലമെന്റില്‍ ഉള്ളത്. ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ പരത്തുന്ന ഈ അവസ്ഥയില്‍ കമ്മ്യൂണിസ്റ്റാപാര്‍ട്ടികളും ഇടതുപക്ഷവും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ബേബി പറഞ്ഞു. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഉൾപാർട്ടി വിമർശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങൾ പറയുന്നത് കേൾക്കാനും ഇടതുപക്ഷം തയാറാവണമെന്ന് എം എ ബേബി ആവശ്യപ്പെടുന്നുണ്ട്.
നേതാക്കളുടെ വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണം. നിർവ്യാജ്യം തിരുത്തിന് തയ്യാറായില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. ജനങ്ങള്‍ക്ക് ബോധ്യമാകുംവിധം സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെമാത്രമേ, വാക്കിലും പ്രവ്യത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെമാത്രമേ, ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജനസ്വാധീനം വീണ്ടെടുക്കാനാവൂ. അവിടെനിന്ന് വീണ്ടും വളരെ വളരെ മുന്നോട്ടു സഞ്ചരിക്കാനുമുണ്ട്, ബേബി ലേഖനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: