ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം സുപ്രധാന നാഴികക്കല്ലെന്ന് ഓസ്ട്രിയന്‍ ചാന്‍സിലര്‍ കാള്‍ നെഹമ്മര്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിയന്നയില്‍ സ്വാഗതം ചെയ്യാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നാല്‍പ്പതുവര്‍ഷത്തിനുശേഷം ഒരു ഭാരത പ്രധാനമന്ത്രി നടത്തുന്ന ഈ സന്ദര്‍ശനം ഒരു പ്രത്യേക ബഹുമതിയാണ്. ഭാരതവുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെ സന്ദര്‍ശനം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും നെഹമ്മര്‍ എക്സില്‍ കുറിച്ചു.
സന്ദര്‍ശനം ചരിത്രപരമായ അവസരത്തിലാണെന്നും ഇത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ഓസ്ട്രിയന്‍ ചാന്‍സിലര്‍ കാള്‍ നെഹമ്മറുടെ കുറിപ്പിനുള്ള മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നന്ദി, ചാന്‍സിലര്‍, ഈ ചരിത്ര സന്ദര്‍ഭം അടയാളപ്പെടുത്താന്‍ ഓസ്ട്രിയ സന്ദര്‍ശിക്കുന്നത് ഒരു ബഹുമതിയാണ്. ഭാരതവും ഓസ്ട്രിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തുന്നതിനും ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം നാളെയാണ് പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുക. മോദിയെ ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനും ചാന്‍സിലര്‍ കാള്‍ നെഹമ്മറും സ്വീകരിക്കും. ഭാരതത്തിലെയും ഓസ്ട്രിയയിലെയും ബിസിനസ് തലവന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. വിയന്നയിലെ ഭാരതസമൂഹവുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: