കോഴിക്കോട്: മാതൃഭൂമി പത്രത്തിൽ പൊടുന്നനെ പൊട്ടി മുളച്ച കോൺഗ്രസ് പ്രേമവും സി പി എം വിരുദ്ധതയും മുതലാളി ശ്രേയംസ് കുമാറിന് യു ഡി എഫിലേക്ക് വഴി തുറക്കാൻ.
പത്രം കത്തിക്കലിലും ബഹിഷ്കരണത്തിലും എത്തിച്ച ‘നന്ദി രാഹുൽ ‘ തലക്കെട്ട് പ്രതിസന്ധി ചർച്ച ചെയ്യാൻ കോഴിക്കോട്ട് ചേർന്ന എഡിറ്റോറിയൽ -സർക്കുലേഷൻ എക്സിക്യൂട്ടീവ് യോഗത്തിൽ എഡിറ്റർ മനോജ് കെ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നന്ദി രാഹുൽ തലക്കെട്ട് പത്രത്തിന്റെ നയം മാറ്റ പ്രഖ്യാപനമാണെന്നാണ് മനോജ് കെ.ദാസ് തുറന്നടിച്ചത്. ബി ജെ പി അനുഭാവികൾ പത്രം നിർത്തിയാലും ന്യൂനപക്ഷ വരിക്കാർക്ക് ഇടയിൽ പത്രത്തിനു സ്വീകാര്യത കൂടുമെന്നും മനോജ് കെ.ദാസ് ന്യായീകരിച്ചു. ജൂലൈ 22നു ഡൽഹിയിൽ സംഘടിപ്പിക്കുന്ന വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണത്തിലൂടെ മാതൃഭൂമി നയം മാറ്റം കൂടുതൽ വ്യക്തമാകുമെന്നും മനോജ് കെ ദാസ് വിശദീകരിച്ചതോടെ എക്സിക്യൂട്ടീവുകൾക്ക് ആശങ്ക അകന്നു.
അനുസ്മരണ പ്രഭാഷണത്തിനു അരുന്ധതി റോയിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്നും ബി ജെ പി യുടെ പ്രഖ്യാപിത ശത്രുക്കളിലൊരാളെ കണ്ടെത്തുമെന്നും മനോജ് കെ ദാസ് സൂചിപ്പിച്ചു. സി പി എം കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയിൽ വന്ന രണ്ടു വ്യാജ വാർത്തകളും മാനേജ്മെൻ്റ് താൽപര്യത്തിനു വേണ്ടി കൊടുത്തതാണെന്നും മനോജ് കെ ദാസ് വെളിപ്പെടുത്തി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിശകലന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി, കേന്ദ്ര കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് ഏജന്റെന്നു വിളിച്ചു എന്നീ വ്യാജ വാർത്തകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്.
മാതൃഭൂമി തിരുവനന്തപുരം ലേഖകൻ പി.കെ. മണികണ്ഠന്റെ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിൽ താൻ സംസാരിച്ചിട്ടില്ലെന്നും വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജയരാജൻ വിശദീകരിച്ചു.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസാരിക്കാത്തയാൾ സെക്രട്ടറിയെ വിമർശിച്ചതായി മാതൃഭൂമി വാർത്ത കൊടുത്തതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്രത്തെ പരിഹസിച്ചു. സംസ്ഥാന കമ്മിറ്റി അവലോകന റിപ്പോർട്ട് പരാമർശങ്ങൾ അതേപടി ഉൾപ്പെടുത്തി കേന്ദ്രകമ്മിറ്റി പ്രസ്താവന വന്നതോടെ റിപ്പോർട്ട് തള്ളിയെന്ന വ്യാജ വാർത്തയും പൊളിഞ്ഞു. മാനേജ്മെൻ്റിന്റെ താൽപര്യം അനുസരിച്ചുള്ള വാർത്തകളായതിനാൽ ലേഖകൻ പി.കെ. മണികണ്ഠനെതിരെ നടപടിയുണ്ടാകില്ലെന്നും ജയരാജന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മനോജ് കെ ദാസ് നിലപാടു വ്യക്തമാക്കി.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശ്രേയംസ് കുമാറിനു എൽഡിഎഫ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫിലേക്ക് ചാടാനുള്ള നീക്കം. കേരളത്തിലെ ലോക്‌സഭാ ഫലസൂചന പ്രകാരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡി എ ഫിനാണ് ജയസാധ്യതയെന്നും ശ്രേയംസ് കുമാർ കരുതുന്നു.
പത്രത്തിന്റെ നയം മാറ്റം മുതലാളിയുടെ രാഷ്‌ട്രീയ മലക്കം മറിച്ചിലിനു ശക്തിയേകാനാണെന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: