എം. കെ. രാമചന്ദ്രന്റെ ഹിമാലയ യാത്രകള്‍, ശ്രീ വീരേന്ദ്ര കുമാറിന്റെ ഹൈമവത ഭൂവില്‍.. ഇവയുടെ വായന അങ്ങോട്ട് പോകാന്‍ വളരെ പ്രചോദനം നല്കി. കുറെ വര്‍ഷങ്ങളായി എങ്ങനെയെങ്കിലും ഉത്തരാഖണ്ഡിലുള്ള ചാര്‍ധാം കാണണമെന്ന് വിചാരിക്കുന്നു. അങ്ങനെ 2022 മെയ് മാസം യാത്രി ടൂര്‍സ് മുഖേന പോകാന്‍ സാധിച്ചു. ഉത്തരാഖണ്ഡിലെ ദേവ ഭൂമി കവാടമായ ഹരിദ്വാര്‍ മുതല്‍ ഋഷികേശ്, ബാര്‍കോട്ട് വഴി യാത്ര.
യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് ഇവ ഉള്‍പ്പെടുന്നതാണ് ചാര്‍ധാം. ഒട്ടും ഉറപ്പില്ലാത്തതും ഭംഗിയില്ലാത്തതുമായ വന്‍ പര്‍വതങ്ങള്‍ നിറയെ യാത്രയില്‍ കാണാനാകും. ഏത് സമയത്തും മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം ഇതൊക്കെയുള്ള പ്രദേശം.
യമുനോത്രി
യമുനാ നദി ഉത്ഭവം സ്ഥാനമാണ് യമുനോത്രി. സമുദ്ര നിരപ്പില്‍ നിന്നും 3293 മീറ്റര്‍ ഉയരത്തില്‍ ഉള്ള പര്‍വത പ്രദേശം. അതീവ ദുര്ഘടപാതയില് കൂടി വേണം അവിടെ എത്താന്‍. വളരെ വീതികുറഞ്ഞ, ചളിയും വെള്ളവും കുതിര ചാണകവും നിറഞ്ഞ പാതയില്‍ കൂടി ആയിരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നും കുതിര പുറത്തും സഞ്ചരിക്കുന്നു. ഒരു ഭാഗം അഗാധഗര്‍ത്തം. ഏത് സമയത്തും അപകടം പാത്തിരിക്കുന്നു. ആറ് കിലോമീറ്റര്‍ യാത്ര ചെയ്തു മലമുകളിലുള്ള യമുന ഉത്ഭവ സ്ഥലം കണ്ടും നദിയില്‍ സ്നാനം ചെയ്തു. അവിടെയുള്ള യമുനാ ദേവി ക്ഷേത്രം ദര്‍ശനം നടത്തിയും തിരിച്ചു. പ്രകൃതിയുടെ മനോഹര ദൃശ്യം എവിടെയും ഈ യാത്രയില്‍ കാണാം.
ഗംഗോത്രി
ഉത്തര കാശിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ ആണ് ഗംഗോത്രി. ഗംഗാ നദി ഉത്ഭവ സ്ഥാനം. അവിടെ വരെ വാഹനം പോകും. ഈ നദി തീരത്ത് തന്നെയാണ് ഗംഗാ ദേവി ക്ഷേത്രവും. ഇവിടെനിന്ന് 15 കിലോമീറ്റര്‍ മാറി മലമുകളിലാണ് യഥാര്‍ത്ഥ ഉത്ഭവ കേന്ദ്രം. അങ്ങോട്ട് യാത്ര ദുഷ്ക്കരവും അപകടം പിടിച്ചതും ആണ്. സൂര്യവംശ രാജാവ് ഭാഗീരഥന്‍ തപസ്സു ചെയ്തു, കഠിന പ്രയത്നം ചെയ്തു സ്വര്‍ഗ്ഗത്തില്‍ നിന്നും ഗംഗയെ ഇവിടെ എത്തിച്ചു എന്ന് പുരാണം. മന്ദാകിനി, അളകനന്ദ, ഭാഗീരഥി തുടങ്ങിയ നദികള്‍ യോജിച്ചു ഋഷികേശ് എത്തുമ്പോള്‍ ഗംഗാനദിയായി മാറുന്നു. പ്രകൃതി രമണീയമായ അനേകം പര്‍വതങ്ങള്‍ ചുറ്റും അലങ്കാരമായി ഗംഗോത്രിയില്‍ കാണാം. സമീപമുള്ള ഗൗരി കുണ്ട്, സൂര്യകുണ്ഡ് നയന മനോഹരവും അത്ഭുതം കൂറുന്നതും ആണ്. ഗുപ്ത കാശി, ദേവ പ്രയാഗ്, രുദ്ര പ്രയാഗ് ഇവടെയെല്ലാം പോകുകയും ചെയ്തു. മന്ദാകിനി, അളകനന്ദ നദികളുടെ സംഗമ പ്രദേശം ആണ് രുദ്ര പ്രയാഗ്.
കേദാര്‍നാഥ്
ചാര്‍ധാമിലെ ഏറ്റവും മുഖ്യ പ്രദേശം. ഹൈന്ദവരുടെ ഏറ്റവും പ്രാധാന്യമുള്ള മഹാദേവ ക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരം.. ആറു മാസം മഞ്ഞു മൂടി കിടക്കുന്നു. ആറ് മാസം മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. യുദ്ധനന്തരം, പാണ്ഡവര്‍ ചെയ്ത പാപകര്‍മങ്ങള്‍ തീരാന്‍ ശ്രീകൃഷ്ണ നിര്‍ദേശം പ്രകാരം പാണ്ഡവര്‍ ഇവിടെ മഹാദേവനെ തപസ്സു ചെയ്തുവെന്നും, പല പരീക്ഷണത്തിന് ശേഷം മഹാദേവന് പാണ്ടവര്‍ക്ക് ദര്‍ശനം കൊടുത്തു എന്നുമാണ് വിശ്വാസം. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ ഇവിടെ പുനഃപ്രതിഷ്ഠ നടത്തി പൂജ രീതികള്‍ ചിട്ടപ്പെടുത്തി. ഗാഡ്വാള് മലനിരകള്‍ ചുറ്റും കാവലായി നിലയുറപ്പിച്ചിരിക്കുന്നു. അതിമനോഹരവും പ്രകൃതി വിസ്മയം കൊള്ളുന്നതുമായ ഈ സ്ഥലം കണ്ട് സായുജ്യം അടയാം. മന്ദാകിനി നദീ തീരത്താണ് കേദാര്‍ ക്ഷേത്രം.
അതീവ ദുര്‍ഘടപാത തന്നെയാണ് ഇങ്ങോട്ട്. സീതാപൂരില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ നടന്നു വേണം ഇവിടെ എത്താന്‍. തുടര്‍ച്ചയായ കയറ്റവും ഇറക്കവും കൂടാതെ കാലാവസ്ഥ കൂടി മോശം ആകുമ്പോള്‍ യാത്ര ദുഷ്കരം തന്നെ. എട്ട് മണിക്കൂര്‍ നടത്തം. ഡോളിയില്‍ അഞ്ച് മണിക്കൂര്‍. നേരത്തെ ബുക്ക് ചെയ്താല്‍ ഭാഗ്യം അനുസരിച്ചു ഹെലികോപ്റ്റര്‍ കിട്ടും. ഒരുപാട് കായികാധ്വാനം വേണ്ട യാത്ര. ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ തരപ്പെട്ടു. അരമണിക്കൂര്‍കൊണ്ട് കേദാര്‍ താഴെ എത്തി. ഭാഗ്യംകൊണ്ട് കാലാവസ്ഥ മോശം അല്ലായിരുന്നു. എങ്കിലും രാത്രി അതീവ തണുപ്പ് അനുഭപ്പെട്ടു.
ചെറിയ ചാറ്റല്‍ മഴ. നീണ്ട ക്യൂതന്നെ കാണാമായിരുന്നു. എങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് ക്ഷേത്രത്തില്‍ തൊഴാന്‍ കയറി. സമീപമുള്ള മലനിരകള്‍ അതിമനോഹരം. നയന മനോഹരം എന്നേ പറയേണ്ടൂ. കാളയുടെ മുതുകിന്റെ ഭാഗം എന്ന രീതിയിലുള്ള ശിലയിലാണ് മഹാദേവന്റെ പ്രതിഷ്ഠ. ഭഗവാന്റെ ദര്‍ശനം സായുജ്യ പൂര്‍ണം തന്നെ.
ബദരിനാഥ്
കേദാര്‍ പോലെ പ്രാധാന്യമുള്ള ഹിമഗിരി ആണ് ബദരിനാഥ്. നരനാരായണ പര്വതങ്ങളുടെയിടയില് അളകനന്ദാ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം. ശങ്കരാചാര്യര്‍ പുനഃപ്രതിഷ്ഠ നടത്തി പൂജാദികാര്യങ്ങള്‍ ചിട്ടപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള നമ്പൂതിരിമാരെ ഇവിടെ നിയമിച്ചിരിക്കുന്നു. കേരളീയ പൂജാസമ്പ്രദായമാണിവിടെ. ഇവിടെയും സുഗമമായി ദര്‍ശനം നടത്തുവാനും ഭജനയില്‍ പങ്കെടുക്കാനും, റാവല്‍ജിയെ കണ്ടു അനുഗ്രഹം വാങ്ങാനും സാധിച്ചു. പിതൃതര്‍പ്പണത്തിന് ഏറ്റവും പ്രാധാന്യമുള്ള സ്ഥലം കൂടിയാണ്. നദീ തീരത്ത് നിരവധി ആളുകള്‍ ബലിയിടുന്നത് കാണാം. ബദരി ഒരു ടൗണ്‍ഷിപ് ആണ്. ഇവിടെ വരെ വാഹനങ്ങള്‍ എത്തും. ചുറ്റുമുള്ള നരനാരായണ പര്‍വതങ്ങളുടെ ഭംഗി അതീവ ഹൃദ്യം തന്നെ.
മനാ വില്ലേജ്
ഇന്ത്യയുടെ അവസാന ഗ്രാമമായി അറിയപ്പെടുന്ന മനാ ഇവിടെ അടുത്താണ്. ടിബറ്റ് ബോര്‍ഡര്‍ ഇവിടെ നിന്ന് 40 കിലോമീറ്റര്‍ മാത്രം ഉള്ളൂ. ഇവിടെ യാണ് വ്യാസഗുഹ, ഗണേശ ഗുഹ എന്നിവ. വ്യാസന് ഈ ഗുഹയില്‍ ഇരുന്നാണ് മഹാഭാരതം എഴുതിയതെന്ന് വിശ്വാസം. വന്‍ പര്‍വതങ്ങള്‍ ഇവിടെ അതിര്‍ത്തികാത്ത് നില്ക്കുന്നു. മനായില് നിന്നും സ്വര്‍ഗാരോഹിണിയിലേക്കുള്ള പാത കാണാം. പാണ്ഡവര്‍ ഈ വഴി പോയിയെന്ന് വിശ്വാസം. പുണ്യനദിയായ സരസ്വതി ഇവിടെ രണ്ട് പര്‍വതങ്ങള്‍ക്ക് ഇടയിലായി ഉത്ഭവിക്കുന്നു. കുറച്ചു മാറി ഭൂമിക്ക് അടിയില്‍ അപ്രത്യക്ഷമാകുന്നു. ഇവിടെ മാത്രമേ സരസ്വതിയെ കാണാന്‍ പറ്റൂ.
യാത്രകള്‍ മനുഷ്യനെ പുനഃനിര്‍മിക്കാന്‍ ഉള്ളതാണ്. അപൂര്‍വം യാത്രകള്‍ അങ്ങനെയാണ്. ഹിമാലയ യാത്ര ഏതൊരു സഞ്ചാരിയുടെയും വൈകാരിക അനുഭൂതികളെ തൊട്ടുണര്‍ത്തുന്ന സാഹസിക യാത്രയാണ്. അതോടൊപ്പം ആത്മീയതയുടെ പാരമ്യത്തിലും എത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: