കോട്ടയം: ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് നേതാക്കന്മാരാക്കി വാഴിക്കുന്ന നയമാണ് ഇപ്പോള്‍ സിപിഎമ്മിന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് അതിന്റെ തെളിവാണ്. ബിജെപിയോട് സഹകരിച്ച വ്യക്തി തെറ്റായ വഴിയിലേക്ക് നീങ്ങിയപ്പോള്‍ പാര്‍ട്ടി മാറ്റിനിര്‍ത്തി. അയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതു പതിവാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അത്തരമൊരാളെയാണ് സംസ്ഥാന മന്ത്രിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സ്വീകരണം നല്കി വരവേറ്റത്. ഹരിശ്ചന്ദ്രനു സ്വീകരണം നല്കിയതു പോലെയാണ് വീണാ ജോര്‍ജും ഉദയഭാനുവും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. കോട്ടയത്ത് ബിജെപിയില്‍ ഒരാള്‍ക്ക് അംഗത്വം നല്കി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് അറിയാതെയാണ് അത് നല്‍കിയത്. ഇത് തിരിച്ചറിഞ്ഞതോടെ അഞ്ച് മിനിറ്റിനുള്ളില്‍ അയാളെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. അതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം – സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സംഘടനകള്‍ എടുത്ത നിലപാട് സിപിഎം കാണുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്തം എസ്എന്‍ഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിലിടുകയാണ്. ന്യൂനപക്ഷ പ്രീണനമാണ് പരാജയത്തിന്റെ ഒരു കാരണം. ഹമാസ് നേതാവിന് വരെ കേരളത്തില്‍ വേദി ഒരുക്കി. മുസ്ലിം സംഘടനകളായ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, സമസ്ത പോലും വര്‍ഗീയമായ നിലപാടിലേക്ക് തിരിഞ്ഞപ്പോള്‍ സിപിഎമ്മിനു മൗനമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പരാജയത്തിനു കാരണം സര്‍ക്കാരിനെതിരായ ജനവികാരവും ന്യൂനപക്ഷ പ്രീണനവുമാണ്.
ഹമാസ് അനുകൂല പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യാപക പിന്തുണ നല്കി. വെറ്ററിനറി കോളജിലെ സിദ്ധാര്ത്ഥന്റെയടക്കമുള്ള കൊലപാതകങ്ങള്‍, എസ്എഫ്ഐ നടത്തിയ അതിക്രമങ്ങള്‍ എല്ലാം സിപിഎമ്മിനു തിരിച്ചടിയായി. സിപിഎം കേന്ദ്രകമ്മിറ്റി ദുര്‍ബലമായി. യെച്ചൂരിയുടെ പ്രസംഗങ്ങള്‍ക്ക് മാത്രമേ ശക്തിയുള്ളൂ. അഴിമതി പണം കൈപ്പറ്റിയതിനാല്‍ കേന്ദ്രകമ്മറ്റിക്കും ഒന്നും ചെയ്യാനാവില്ല. നടന് എന്ന നിലയില്‍ സുരേഷ് ഗോപി ഉദ്ഘാടനങ്ങള്‍ക്ക് പണം വാങ്ങുന്നതില്‍ തെറ്റെന്താണെന്ന് സുരേന്ദ്രന് ചോദിച്ചു. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് നല്ല മേയര്‍ ആണെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: