ലോകത്തെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ഇരുചക്ര വാഹന നിര്‍മ്മാതാക്കാളയ ബജാജ് ഓട്ടോ ഇന്ത്യ. യുവാക്കളില്‍ ആവേശമുണര്‍ത്തുന്ന സ്റ്റൈലില്‍ ആണ് ബജാജ് ഫ്രീഡം-125 രൂപകല്പന ചെയ്തിരിക്കുന്നത്.
ബജാജ് ഫ്രീഡം 125. ഈ ബൈക്ക് പെട്രോളില്‍ പ്രവര്‍ത്തിക്കുന്നു, എന്നാല്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിലേക്ക് (സിഎന്‍ജി) മാറാനാകും. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഒരു ദശാബ്ദത്തിലേറെയായി നിലവിലുണ്ടെങ്കിലും, ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിളാണിത്. ബേസ് ‘ഡ്രം’ വേരിയന്റിന് 95,000 രൂപ മുതലാണ് ബൈക്കിന്റെ വില.
പുതിയ ബൈക്കിനായുള്ള ബുക്കിംഗ് തുറന്നിരിക്കുന്നു, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഷോറൂമുകൾ വഴിയും ചെയ്യാം. NG04 ഡിസ്‌ക് LED, NG04 ഡ്രം LED, NG04 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് ഫ്രീഡം 125 പുറത്തിറക്കിയിരിക്കുന്നത്. എൽഇഡി വേരിയൻ്റുകൾ അഞ്ച് കളർ ഓപ്ഷനുകളിലും നോൺ-എൽഇഡി ഡ്രം വേരിയൻ്റ് രണ്ട് നിറങ്ങളിലും ലഭ്യമാണ്.
വിശദമായ വിലനിർണ്ണയം ഇതാ (എക്സ്-ഷോറൂം):
NG04 ഡിസ്‌ക് LED: 1,10,000 രൂപ
NG04 ഡ്രം LED: 1,05,000 രൂപ
NG04 ഡ്രം: 95,000 രൂപ
ബജാജ് ഫ്രീഡം 125 ന്റെ അവതരണം ഇരുചക്ര വാഹന വിപണിയെ സാരമായി സ്വാധീനിച്ചേക്കാം. ഇന്ത്യൻ ഇരുചക്രവാഹന ഉടമകൾക്ക് ഇന്ധനച്ചെലവ് കുറയ്‌ക്കുന്നതിനും മലിനീകരണം കുറയ്‌ക്കുന്നതിനുമുള്ള സാധ്യതകൾ CNG സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.
125 സിസി സിഎൻജി എൻജിൻ 8,000 ആർപിഎമ്മിൽ 9.5 പിഎസ് പവറും, 5,000 ആർപിഎമ്മിൽ 9.7 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. സിഎൻജിയിൽ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 90.5 കിലോമീറ്ററും, പെട്രോളിൽ മണിക്കൂറിൽ 93.4 കിലോമീറ്ററും ആയിരിക്കും. അതേസമയം സിഎൻജിയിൽ 200 കിലോമീറ്റർ റേഞ്ചും, പെട്രോളിൽ 130 കിലോമീറ്റർ റേഞ്ചും വാഹനം വാഗ്ദാനം ചെയ്യുന്നു. നിലവിൽ കേരളത്തിൽ സിഎൻജി ലിറ്ററിന് 85- 86 രൂപയെ വില വരുന്നുള്ളൂ. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ ലിറ്ററിന് 20 രൂപയോളം കുറവാണിത്.
വർദ്ധിച്ചുവരുന്ന പെട്രോൾ വിലയുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഫ്രീഡം 125. 95,000- 1,10,000 രൂപ വരെയാണ് ഈ 125 സിസി വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വില വരുന്നത്. വലിയ സൈഡ് ബോഡി പാനൽ, സ്പ്ലിറ്റ് 5- സ്‌പോക്ക് ഡിസൈൻ അലോയ് വീലുകൾ, സ്‌റ്റൈലിഷ് ബെല്ലി പാൻ എന്നിവ രൂപകൽപ്പനയെ വ്യത്യസ്തമാക്കുന്നു. സിഎൻജിയുടെ ഉൾപ്പെടുത്തലാണ് വാഹനത്തിന്റെ രൂപഘടനയിൽ മാറ്റം വരാൻ കാരണം.
പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്, നോൺ- മീഥെയ്ൻ ഹൈഡ്രോകാർബണുകൾ എന്നിവയുടെ പുറന്തള്ളൽ ഈ വാഹനത്തിൽ വളരെ കുറവായിരിക്കും. തിരക്കേറിയ നഗരങ്ങൾക്കും, ഗ്രാമീണ മേഖലയ്‌ക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ വാഹനം. കരീബിയർ ബ്ലൂ, എബോണി ബ്ലാക്ക്, സൈബർ വൈറ്റ്, റേസിംഗ് റെഡ്, പെറ്റർ ഗ്രേ എന്നിങ്ങനെ അഞ്ചു നിറങ്ങളിൽ വാഹനം ലഭ്യമാകും.
‘ബജാജ് ഫ്രീഡം 125’ എന്ന് പേരിട്ടിരിക്കുന്ന സിഎന്‍ജി ബൈക്കിന്റെ ലോഞ്ച് പൂനെയില്‍ വെച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചത്. ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ കുറയ്‌ക്കേണ്ടതിന്റെയും ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ചയെ എടുത്തുകാണിച്ചുകൊണ്ട്, ഒരു സമ്പത്തും തൊഴിലവസരവും സൃഷ്ടിക്കുന്നയാളെന്ന നിലയിലുള്ള അതിന്റെ പങ്ക് ഗഡ്കരി എടുത്തുപറഞ്ഞു. ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി മാറിയതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുക എന്ന തന്റെ ലക്ഷ്യം ആവർത്തിച്ച് പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: