തിരുവനന്തപുരം : എ.കെ.ജി. സെന്റർ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും സി.പി.എം. നേതാവിനെയും ആശുപത്രിയില്‍ അടുത്തടുത്ത കട്ടിലുകളില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് നാടകീയരംഗങ്ങളും സംഘർഷാവസ്ഥയും.. ആശുപത്രിയില്‍ സി.പി.എം.-കോണ്‍ഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് സംഘർഷം ഭയന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി പോലീസ് രംഗം തണുപ്പിച്ചു.
എ.കെ.ജി. സെന്റർ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാനെ പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയിലെത്തിച്ചപ്പോഴാണ് നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചത്. തുടർന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കായി എത്തിക്കാൻ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിർദേശിച്ചു. തുടർന്ന് ആശുപത്രിയില്‍ സുഹൈലിനെ നിരീക്ഷണത്തിലാക്കി. ഇതേസമയം തൊട്ടടുത്ത കട്ടിലില്‍ സി.പി.എം. നേതാവും മുൻ കൗണ്‍സിലറുമായ ഐ.പി.ബിനുവും നെഞ്ചുവേദനയുമായി എത്തിയതിനെ തുടർന്നായിരുന്നു നാടകീയരംഗങ്ങളുണ്ടായത്.
ഇരുവരും ആശുപത്രിയിലുണ്ടെന്ന വിവരമറിഞ്ഞാണ് സി.പി.എം., കോണ്‍ഗ്രസ് പ്രവർത്തകർ ആശുപത്രിക്കു മുന്നിലെത്തിയത്. സുഹൈലിനെ ആക്രമിക്കുമെന്ന അഭ്യൂഹം പരന്നതോടെ ചാണ്ടി ഉമ്മൻ എം.എല്‍.എ. അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസും എത്തി.
ഇതോടെയാണ് സുഹൈലിനെ ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. സുഹൈല്‍ ഷാജഹാനെ ഒരു ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ നല്‍കിയിരുന്നത്. കഴക്കൂട്ടം, വെണ്‍പാലവട്ടം എന്നിവിടങ്ങളിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പു നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: