തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട നജീബ് കാന്തപുരത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ച ഭരണപക്ഷത്തിന് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശകാരം. നജീബിന്റെ പ്രസംഗം തുടരുന്നതിനിടെ ഭരണപക്ഷ അംഗങ്ങള്‍ നിരന്തരമായി ഇടപെടുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് സ്പീക്കര്‍ ഇടപെട്ടത്. ”അദ്ദേഹം അവതരിപ്പിക്കട്ടേ. ഇങ്ങനെ പറഞ്ഞാല്‍ എങ്ങിനെയാണ് ശരിയാവുക, ഒന്നും പറയാന്‍ പറ്റില്ലേ ഈ ഫ്ളോറില്‍”, സ്പീക്കര്‍ ക്ഷോഭത്തോടെ ചോദിച്ചു.
ഇതോടെ നജീബിന് കൂടുതല്‍ സമയം അനുവദിച്ചു എന്നു ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. നജീബ് കാന്തപുരത്തിന് സംസാരിക്കാന്‍ പതിവിന് വിപരീതമായി 16 മിനിറ്റ് നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി മനസിലാക്കിയത് തെറ്റാണെന്നും നജീബ് സംസാരിച്ചത് 10 മിനിറ്റാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ക്ലോക്കിലെ സമയത്തില്‍ വന്ന പിഴവാണെന്നും നജീബിന്റെ സംസാരം താന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും സ്പീക്കര്‍ തിരുത്തി. വെറുതെ ബഹളം വയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ കെ. ശാന്തകുമാരിയടക്കമുള്ളവരെയും സ്പീക്കര്‍ ശാസിച്ചു.
വെള്ളിയാഴ്ച അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: വെള്ളിയാഴ്ചകളില്‍ ശൂന്യവേളകളില്‍ നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അനൗേദ്യാഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനു കൂടുതല്‍ സമയം കിട്ടാന്‍ വേണ്ടിയാണിതെന്നും സ്പീക്കര്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിപ്രായം പറഞ്ഞില്ല. വെള്ളിയാഴ്ച ഒഴിവാക്കിയാല്‍ അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിന് ആഴ്ചയില്‍ നാലു ദിവസം മാത്രമേ ലഭിക്കൂ. അടിയന്തരപ്രമേയങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കമാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: