തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ സംഘടനയായ വര്‍ക്കേഴ്സ് സംഘി (ബിഎംഎസ്) നെ ഒഴിവാക്കി ഫാം അഡൈ്വസറി യോഗം വിളിച്ചുചേര്‍ത്തതില്‍ പ്രതിഷേധം. ഇന്നാണ് യോഗം.
സര്‍വ്വകലാശാലയുടെ എല്ലാ കേന്ദ്രങ്ങളിലും മൂന്നു മാസം കൂടുമ്പോള്‍ ഈ യോഗം നടത്തണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. യോഗത്തില്‍ സ്റ്റേഷന് മേധാവിയുടെ നേതൃത്വത്തില്‍ ആ പ്രദേശത്തെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും തൊഴിലാളികളും സംഘടനാ പ്രതിനിധികളും പങ്കെടുക്കണം. സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയും പ്രത്യേക ക്ഷണിതാക്കളുമാണ്. മറ്റു സംഘടനകളെ പോലെ കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്സ് സംഘും ട്രേഡ് യൂണിയന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സജീവ സംഘടനയാണ്.
അതേസമയം, സര്‍വ്വകലാശാലക്കുള്ളില്‍ ഒരു തൊഴിലാളി സംഘടനക്കും അംഗീകാരമോ പ്രവര്‍ത്തനാനുമതിയോ നല്‍കിയിട്ടില്ലെന്ന വിവരാവകാശ മറുപടിയും നിലവിലുണ്ട്. അംഗീകാരമോ പ്രവര്‍ത്തനാനുമതിയോ നല്‍കാത്ത പ്രസ്തുത സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിക്കാറുള്ളതായി അതേ വിവരാവകാശ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്‍കാനുള്ള വിജ്ഞാപനമോ റഫറണ്ടമോ സര്‍വ്വകലാശാല ഇതുവരെ നടത്താത്ത സാഹചര്യത്തില്‍ വര്‍ക്കേഴ്സ് സംഘിനെയും ചര്‍ച്ചകളിലും യോഗങ്ങളിലും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്തുകള്‍ നല്‍കിയിട്ടും മറുപടി നല്‍കാനുളള ജനാധിപത്യ മര്യാദ രജിസ്ട്രാര്‍ കാണിക്കുന്നില്ലെന്നാണ് പരാതി. പ്രസ്തുത കമ്മിറ്റികളിലോ യോഗങ്ങളിലോ സംഘിനെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതെ ഇടത്വലത് രാഷ്ട്രീയ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കടുത്ത വിവേചനം തുടരുകയാണെന്ന് എംപ്ലോയിസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപിള്ളയും വര്‍ക്കേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പി. യും കുറ്റപ്പെടുത്തി.
രജിസ്ട്രാറും യോഗ ചുമതല വഹിക്കുന്ന സ്ഥാപന മേധാവിയും ഇതെക്കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഈ വിവേചനം തൊഴിലാളികളുടെ ഇടയില്‍ പടര്‍ത്തി കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാം വര്‍ക്കേഴ്സ് സംഘിന്റെ വളര്‍ച്ച തടയാനും ഒപ്പമുളളവരെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി നിഷ്ക്രിയരാക്കാനുമുളള വൈരാഗ്യബുദ്ധിയാണിതിനു പിന്നിലെന്ന് അവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
എന്നാല്‍, നേടാനുള്ളത് നേടിയെടുക്കുക തന്നെ ചെയ്യുമെന്നും ഇടതു വലത് രാഷ്ട്രീയ സംഘടനകളുടെ പാവയായി മാറിയ രജിസ്ട്രാറുടെ നടപടിയെ ചെറുത്തു തോല്‍പ്പിക്കുമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: