ഹരാരെ: ടി 20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഘോഷം അവസാനിക്കുന്നതിന് മുമ്പ് ഭാരത ടീം ഇന്ന് സിംബാബ്വെക്കെതിരായ പരമ്പരയ്ക്കിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം ഭാരത സമയം വൈകിട്ട് 4.30ന് ഹരാരെയില്‍ തുടങ്ങും. ലോകകപ്പില്‍ കളിച്ച ആരും സിംബാബ്വെ പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലില്ല. പൂര്‍ണമായും ഐപിഎല്ലില്‍ തിളങ്ങിയ യുവനിരയുമായാണ് ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തില്‍ ഭാരതം സിംബാബ്വെയെ നേരിടാനിറങ്ങുന്നത്.
ഓപ്പണറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് വിസ്മയിപ്പിച്ച അഭിഷേക് ശര്‍മ അരങ്ങേറാനാണ് സാധ്യത. അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇടം കൈ വലം കൈ കോംബിനേഷനും ഉറപ്പുവരുത്താനാവും. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ അഭിഷേകിനെ ഓള് റൗണ്ടറായും പരിഗണിക്കാനാവും.
മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ചെന്നൈയുടെ ടോപ് സ്കോററും നായകനുമായ റുതുരാജ് ഗെയ്ക്വാദും നാലാം നമ്പറില്‍ റിയാന്‍ പരാഗും ഭാരതത്തിനായി അരങ്ങേറിയേക്കും. ഐപിഎല്ലില്‍ രാജസ്ഥാനായി മിന്നും പ്രകടനം പുറത്തെടുത്ത പരാഗ് സ്പിന്‍ ഓള് റൗണ്ടറുമാണ്. ലോകകപ്പ് ടീമില്‍ നര്‍ഭാഗ്യം കൊണ്ട് സ്ഥാനം നഷ്ടമായ റിങ്കു സിങ്ങാകും അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തുക. ഭാരതത്തിനായി ഇതുവരെ 15 ടി20 മത്സരങ്ങള്‍ കളിച്ച റിങ്കു 89 റണ്‍സ് ശരാശരിയിലും 180 സ്ട്രൈക്ക് റേറ്റിലും റണ്ണടിച്ചു കൂട്ടിയിട്ടുണ്ട്.
സഞ്ജു സാംസണിന്റെ അഭാവത്തില്‍ ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റിന് പിന്നില്‍. സ്പിന്‍ ഓള് റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ എത്തുമ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി ആകും ടീമിലെത്തുക. പേസര്‍മാരായി ഖലീല്‍ അഹമ്മദും മുകേഷ് കുമാറും എത്തുമ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ ഹര്‍ഷിത് റാണയും അരങ്ങേറിയേക്കം.
സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ കളിയില്‍ വിജയം നേടാനുറച്ചാണ് സിംബാബ്വെ ഇറങ്ങുക. സിക്കന്ദര്‍ റാസയുടെ നായകത്വത്തില്‍ ബ്രയ്ന് ബെന്നറ്റ്, ജോനാഥന് കാംപ്ബെല്‍, ടെന്‍ഡെയ് ചതാര, ഫറാസ് അക്രം തുടങ്ങിയ മികച്ച താരങ്ങളാണ് അവരുടെ കരുത്ത്.
ഭാരത സാധ്യതാ ടീം: ശുഭ്മാന്‍ ഗില്‍, അഭിഷേ് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: