Sports

ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ വിറപ്പിച്ച് പ്രജ്ഞാനന്ദ, പിന്നീട് സമനില; ഗുകേഷിനും സമനില; വിട്ടുകൊടുക്കാതെ ഇന്ത്യന്‍ കൗമാരതാരങ്ങള്‍

സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസിന്‍റെ എട്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്‍റെ ഫാബിയാനോ കരുവാനെയ വിറപ്പിച്ച് പ്രജ്ഞാനന്ദ. ഒരു ഘട്ടത്തില്‍ പ്രജ്ഞാനന്ദയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കരുതലോടെ കളിച്ച ഫാബിയാനോ സമനിലയിലേക്ക് കളിയെ കൂട്ടിക്കൊണ്ടുപോയി.

ബുക്കാറസ്റ്റ്: സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസിന്റെ എട്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഫാബിയാനോ കരുവാനെയ വിറപ്പിച്ച് പ്രജ്ഞാനന്ദ. ഒരു ഘട്ടത്തില്‍ പ്രജ്ഞാനന്ദയ്‌ക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കരുതലോടെ കളിച്ച ഫാബിയാനോ സമനിലയിലേക്ക് കളിയെ കൂട്ടിക്കൊണ്ടുപോയി. “ഒരു ഘട്ടത്തിലും എനിക്ക് മുന്‍തൂക്കമില്ലായിരുന്നു. അവന്‍ വളരെ സമര്‍ത്ഥനായ കളിക്കാരനാണ്. അങ്ങേയറ്റം കുലുങ്ങാത്തവനുമാണ്.”- കളിക്ക് ശേഷം പ്രജ്ഞാനന്ദയെക്കുറിച്ച് ഫാബിയാനോ കരുവാന പറഞ്ഞു.

ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനക്കാരനായ കരുവാനയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം എല്ലാവരും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഈയിടെ നോര്‍വ്വെയില്‍ നടന്ന മത്സരത്തില്‍ ഫാബിയാനോ കരുവാനയെ പ്രജ്ഞാനന്ദ അട്ടിമറിച്ചിരുന്നു. അതും ഈ മത്സരത്തെ അങ്ങേയറ്റം ഉദ്വേഗമുള്ളതാക്കി. പക്ഷെ ഏറെ നേരത്തെ പോരാട്ടത്തിന് ശേഷം ഇരുവരും സമനില സമ്മതിച്ചു. കളി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഓട്ടോഗ്രാഫുമായി ഒട്ടേറെപ്പേര്‍ പ്രജ്ഞാനന്ദയെ കാത്ത് നിന്നിരുന്നു. പ്രജ്ഞാനന്ദയ്‌ക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് റൊമാനിയ.

ഗുകേഷിന് ഡച്ച് താരം അനീഷ് ഗിരിയുമായിരുന്നു എതിരാളി. ഒരു ഘട്ടത്തില്‍ അനീഷ് ഗിരി വിജയിക്കുമോ എന്ന നില വന്നു. പക്ഷെ മനസ്സാന്നിധ്യം വീണ്ടെടുത്ത് പൊരുതിയ ഗുകേഷ് സമനില പിടിക്കുകയായിരുന്നു. അനീഷ് ഗിരിയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഗുകേഷ് പ്രതികരിച്ചു. വിജയം കൂടിയേ തീരു എന്ന തീരുമാനം മനസ്സില്‍ ഇല്ലായിരുന്നുവെന്നും അതിനാല്‍ സമനിലയ്‌ക്ക് വഴങ്ങി എന്നുമായിരുന്നു അനീഷ് ഗിരിയുടെ പ്രതികരണം.

ഇതോടെ നാലരപോയിന്‍റ് വീതം നേടി പ്രജ്ഞാനന്ദയും ഗുകേഷും രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ പൊരുതുകയാണ്. മറ്റൊരു താരമായ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയുമായുള്ള മത്സരവും സമനിലയില്‍ കലാശിച്ചതോടെ നാലര പോയിന്‍റ് നേടി അലിറെസ ഫിറൂഷയും രണ്ടാം സ്ഥാനത്തുണ്ട്. ഇയാന്‍ നെപോമ്നിഷിയിക്ക് രണ്ടാം റാങ്കില്‍ ശക്തമായ തേരും (റൂക്ക്) ഉണ്ടായിട്ടും അദ്ദേഹം വിജയത്തിനായി കളിച്ചില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തി. ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിങ്ങിലായിരുന്നു ഗെയിം തുടങ്ങിയത്.

അരപോയിന്‍റ് അധികം നേടി, അഞ്ചരപോയിന്‍റോടെ ഫാബിയാനോ കരുവാന മുന്നില്‍ നില്‍ക്കുകയാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം റാങ്കുകാരനാണെങ്കിലും ഫോമിലല്ലാത്ത ഇയാന്‍ നെപോമ്നിഷി മൂന്നാം സ്ഥാനത്താണ്.

എട്ടാം റൗണ്ടില്‍ ഏറ്റവും നീണ്ടുപോയ മത്സരം ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവും ബോഗ് ഡാന്‍ ഡാനിയേല്‍ ഡിയാകും തമ്മിലുള്ള മത്സരമാണ്. ഏകദേശം അഞ്ച് മണിക്കൂര്‍ 55 മിനിറ്റ്. 84 കരുനീക്കങ്ങള്‍. റുയിലോപ് ഓപ്പണിംഗിലായിരുന്നു തുടക്കം. അതില്‍ വിദഗ്ധനാണ് ബോഗ്ഡാന്‍ ഡാനിയേല്‍ ഡിയാക്. അതിനെ തുളച്ചുകയറാന്‍ അബ്ദുസത്തൊറോവിന്റെ കയ്യില്‍ ആയുധങ്ങളില്ലായിരുന്നു.

ഫ്രഞ്ച് താരം വാചിയര്‍ ലെഗ്രാവും യുഎസ് താരം വെസ്ലി സോയും തമ്മിലുള്ള മത്സരവും സമനിലയില്‍ പിരിഞ്ഞു. ചെസ് രംഗത്തെ ഏറെ പഴക്കം ചെന്ന ഇറ്റാലിയന്‍ ഓപ്പണിംഗായിരുന്നു വാചിയര്‍ ലെഗ്രാവിന്‍റേത്. മിഡില്‍ ഗെയിമായപ്പോഴേ മത്സരം ഏറെക്കുറെ സമനിലയുടെ സ്വഭാവമുള്ളതായി. വാചിയര്‍ ലെഗ്രാവ് നാല് പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്. വെസ്ലി സോ, നോഡിബെക് അബ്ദുസത്തൊറോവ്, അനീഷ് ഗിരി എന്നിവര്‍ മൂന്നരപോയിന്‍റോടെ നാലാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനമനുസരിച്ച് ഈ ടൂര്‍ണ്ണമെന്‍റില്‍ മൂന്നാം റാങ്കുകാരനായ .നോഡിബെക് അബ്ദുസത്തൊറോവും മോശം പ്രകടനമായിരുന്നു ഇക്കുറി കാഴ്ചവെച്ചത്.

 

 

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക