കൊച്ചി: വിദ്യാര്‍ത്ഥികളില്‍ ലളിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന അദ്ധ്യാപകര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം അപകടത്തിലാക്കുമെന്ന് ഹൈക്കോടതി. ഇംഗ്ലീഷ് പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചില്ലെന്ന് ആരോപിച്ച് 13 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന് അടിച്ചെന്ന ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്തിമ റിപ്പോര്‍ട്ടും കോടതി നടപടികളും റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഈ നിരീക്ഷണം നടത്തിയത്.
വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ധ്യാപകനെതിരെ കോടനാട് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകന് ഹൈക്കോടതിയെ സമീപിച്ചത്. അടിച്ചതായി പരാതിയുണ്ടെങ്കിലും പെണ്‍കുട്ടിക്ക് ഗുരുതര പരിക്കുകളൊന്നും പറ്റിയില്ലെന്ന് വ്യക്തമാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു. അദ്ധ്യാപകന് ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നുവെന്നും നന്നായി പഠിക്കേണ്ടതിന്റെയും ഇംഗ്ലീഷില്‍ ഉയര്‍ന്ന മാര്‍ക്ക് നേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നല്കി വിദ്യാര്‍ത്ഥിയെ നയിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കോടതി പറഞ്ഞു.
ഒരു രക്ഷിതാവ് കുട്ടിയെ ഒരു അദ്ധ്യാപകനെ ഏല്‍പ്പിക്കുമ്പോള്‍, വിദ്യാര്‍ത്ഥിയുടെ മേല്‍ അധികാരം അവശ്യമായ രീതിയില്‍ പ്രയോഗിക്കാന്‍ അദ്ധ്യാപകന് പരോക്ഷമായ സമ്മതം ഉണ്ടെന്നും കോടതി പറഞ്ഞൂ. അദ്ധ്യാപകന് നല്കുന്ന ശാരീരിക ശിക്ഷയുടെ സ്വഭാവവും അനുസരിച്ചായിരിക്കും നിലവിലെ ശിക്ഷാ വ്യവസ്ഥകള്‍ പ്രകാരം അയാള്‍ക്കെതിരെ നടപടിയെടുക്കാനാകുമോ എന്ന് നിര്‍ണയിക്കുന്നത്. അനിയന്ത്രിതമായ രോഷം, ആവേശം, കോപം എന്നിവ മൂലം അധ്യാപകന്, കുട്ടിക്ക് അകാരണമായ ശാരീരിക ക്ലേശങ്ങളോ ഉപദ്രവമോ, മാരകമായ പരിക്കുകളോ വരുത്തിയാല്‍, അത്തരം പ്രവൃത്തികള്‍ വ്യക്തമായതോ പരോക്ഷമായതോ ആയ സമ്മതത്തിന്റെ തത്വം ഉള്‍പ്പെടെയുള്ള ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: