ന്യൂദല്‍ഹി/മുംബൈ: നിലയ്ക്കാത്ത ആരവം… നീലക്കടലായി ജനാവലി…. വിശ്വവിജയികള്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും മുംബൈയിലും വീരോചിത വരവേല്പ്. ആവേശത്തിരയിളക്കി ആരാധക ലക്ഷങ്ങള്‍. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച. ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം ചൂടിയെത്തിയ ഭാരത ടീമിന് ഇന്നലെ ഇരു നഗരങ്ങളിലും ലഭിച്ചത് അവിസ്മരണീയ സ്വീകരണം.
പ്രധാനമന്ത്രിയുമൊത്തുള്ള അഭിമാനകരമായ ഒത്തുചേരലിന് ശേഷം വൈകുന്നേരത്തോടെ മുംബൈയിലെത്തിയ ടീമിനെ കാത്തുനിന്നത് പൂഴി വീണാല്‍ കാണാത്ത പുരുഷാരം. മണിക്കൂറുകള്‍ക്കു മുമ്പേ വാംഖഡെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. നിരത്തുകളില്‍ വന്ദേ മാതരം വിളികളും ദേശീയ പതാകകളുമായി ജനലക്ഷങ്ങള്‍ കടലായി. മുംബൈ കാ രാജാ രോഹിത് ശര്‍മ എന്ന ആവേശ ഗീതവുമായാണ് ജന്മനാട് നായകനു വരവേല്പൊരുക്കിയത്. നീലാകാശവും നീലക്കടലും തോറ്റുപോകുന്ന ജനാവലിയാണ് നീലപ്പടയെ വരവേല്‍ക്കാന്‍ മുംബൈയില്‍ നിറഞ്ഞത്.
രാവിലെ ആറോടെയാണ് ടീം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലില്‍ പറന്നിറങ്ങിയത്. പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ആരാധകര്‍ പുറത്ത് ആവേശത്തിലായിരുന്നു. പുറത്തിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കൊപ്പം കേക്ക് മുറിച്ചു. പിന്നാലെ ബസുകളിലേക്ക്. രണ്ടു ബസുകളിലായി ഹോട്ടലിലേക്ക്.
ഹോട്ടലില്‍ വാദ്യോപകരണങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും കലാകാരന്മാര്ക്കൊപ്പം ചുവടുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക് കല്യാണ്‍ മാര്‍ഗില്‍ ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ചയായിരുന്നു ദല്‍ഹിയിലെ ഏക പരിപാടി. രാവിലെ പതിനൊന്നോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ നേതൃത്വത്തില്‍ ടീമംഗങ്ങള്‍ ഇന്ത്യ ചാമ്പ്യന്‍സ് എന്നെഴുതിയ പ്രത്യേക ജഴ്സി ധരിച്ചാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ പ്രധാനമന്ത്രി വിജയങ്ങള്‍ തുടരാന്‍ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ആശംസിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ടീമംഗങ്ങള്‍ ഒന്നിച്ചും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്തു.
പ്രധാനമന്ത്രിക്കൊപ്പം ലോകകപ്പ് ട്രോഫിയുമായി ടീമംഗങ്ങള്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം തരംഗമായി. ട്രോഫി പിടിച്ചിരുന്ന രോഹിത് ശര്‍മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കൈകളില്‍ പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ട്രോഫി പിടിക്കാതെ അത് സ്വന്തമാക്കിയവരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ച് ആദരിച്ച മോദിയെ ലോകം അഭിനന്ദിച്ചു.
വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പ്രധാനമന്ത്രിക്കു ഹസ്തദാനം ചെയ്യുന്ന ചിത്രമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്ലി പങ്കുവച്ചത്. ജസ്പ്രീത് ബുംറ ഭാര്യ സഞ്ജന ഗണേശന്, മകന് അങ്കദ് ബുംറ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. പ്രധാനമന്ത്രി അങ്കദ് ബുംറയെ കൈകളിലെടുത്തു നില്‍ക്കുന്നതാണ് ചിത്രം. സഞ്ജു സാംസണ് അടക്കമുള്ള താരങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവര്‍ ചേര്‍ന്ന് നമോ ഒന്ന് എന്നെഴുതിയ ജഴ്സി കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിക്കു സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: