മാന്നാര്‍: തിരോധാനമെന്ന് സംശയിച്ച് ഒടുവില്‍ കൊലപാതകമെന്ന് കണ്ടെത്തിയ ശ്രീകല കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ശക്തമാക്കി പോലീസ്. ആറു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തന്നെ ഒന്നാം പ്രതിയെ കൂടി ഉള്‍പ്പെടുത്തി ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം.
അതേസമയം കലയുടെ കൊലപാതകത്തില്‍ അന്വേഷണസംഘം ‘ദൃശ്യം’ മോഡല്‍ സംശയിക്കുന്നതായി സൂചനയുണ്ട്. കൂട്ടുപ്രതികളായ മൂന്നുപേരും അറിയാതെ ഒന്നാംപ്രതിയായ ഭര്‍ത്താവ് അനില്‍, സെപ്റ്റിക് ടാങ്കില്‍ നിന്ന് കലയുടെ മൃതദേഹം മാറ്റിയോ എന്ന സംശയമാണ് ബലപ്പെടുന്നത്. അനില്‍ മേസ്തിരിപ്പണി അടക്കമുള്ള എല്ലാ ജോലികളും ചെയ്തിരുന്നയാള്‍ ആയതിനാലാണ് സംശയം വര്‍ധിച്ചത്. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയോ എന്നത് ഒന്നാം പ്രതിയെ ചോദ്യം ചെയ്താലെ ഉറപ്പാക്കാനാകൂ. നിലവിലുള്ള പ്രതികളില്‍ ഒരാള്‍ മാത്രമാണ് സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്തുവെന്ന് മൊഴി നല്‍കിയത്. അതിനര്‍ത്ഥം മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാള്‍ അനില്‍കുമാര്‍ മാത്രമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മേസ്തിരി പണിക്കാരനായതിനാല്‍ തന്നെ അനിലിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാന്‍ സാധിക്കുമെന്നും പോലീസ് കണക്കാക്കുന്നു. അതിനിടെ സെപ്റ്റിക് ടാങ്കില്‍ നിന്ന് പോലീസിന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി.
നാടിനെ പിടിച്ചുകുലുക്കിയ ഈ കേസില്‍ കൂടുതല്‍ ശക്തവും ശാസ്ത്രീയവുമായ തെളിവ് ശേഖരണത്തിനാണ് പോലീസ് ശ്രമിക്കുന്നത്. കേസന്വേഷണത്തിന് 21 അംഗ പ്രത്യേകസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാര്‍, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും വിശദമായി ഇന്നലെ ചോദ്യം ചെയ്തിട്ടുണ്ട്. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന മാന്നാര്‍- മാവേലിക്കര പാതയിലെ വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയില്‍ ഉള്‍പ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് പോലീസ് പൂര്‍ത്തിയാക്കി.
അതിനിടയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ശക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പ്രതികള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിഭാഗം അഭിഭാഷകന് സുരേഷ് മത്തായി മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ടു ദിവസമായി പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊലപാതകമാണെങ്കില്‍ സംഭവ വികാസങ്ങള്‍ ചങ്ങലക്കണ്ണിപോലെ പോലീസിന് പറയാനാകണം. എന്നാല്‍ ഇവിടെ പോലീസ് ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറയുന്നു.
അനിലിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ശ്രീകലയുടെ സഹോദരന്
മാന്നാര്‍: ശ്രീകലയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ അനിലിന്റെ കുടുംബത്തിനും പങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് തയ്യാറാകണമെന്നും ശ്രീകലയുടെ സഹോദരന് അനില്‍കുമാര്‍. അനിലിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്യണം. കേസില്‍ സാക്ഷിയായ സുരേഷിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കൊലപാതകം അറിഞ്ഞിട്ട് ഇത്രയും വര്‍ഷം എന്തിന് സുരേഷ് മറച്ചുവെച്ചു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
കേസില്‍ നാല് പ്രതികളെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമന്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാല് പേരും ചേര്‍ന്ന് കലയെ കാറില്‍ വെച്ചു കൊന്ന് കുഴിച്ചുമൂടിയെന്നാണ് നിഗമനം. യുവതിയെ 15 വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് എഫ്ഐആറില്‍ പറയുന്നു.
ആ ഫോണ്‍ വിളി ആരുടേത്…
മാന്നാര്‍: 15 വര്‍ഷം മുമ്പ് കാണാതായ ശ്രീകല തന്നെ രണ്ടുതവണ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്ന ശ്രീകലയുടെ നാത്തൂന് ശോഭനകുമാരിയുടെ വെളിപ്പെടുത്തലും പോലീസ് അന്വേഷിക്കുന്നു. കാണാതായതല്ല യാത്ര പറഞ്ഞിറങ്ങിയതാണെന്നും പാലക്കാട് ഉള്ള സുഹൃത്ത് സൂരജിനൊപ്പമാണെന്നും ശ്രീകല സംഭാഷണത്തില്‍ പറഞ്ഞതായാണ് ശോഭനകുമാരി മാധ്യമങ്ങളെ അറിയിച്ചത്. വ്യത്യസ്ത സമുദായങ്ങളാണെങ്കിലും അനിലും കലയും തമ്മില്‍ ഒരുതര്‍ക്കവും ഉണ്ടായിരുന്നില്ല. ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നു എന്നാണ് താന്‍ വിശ്വസിച്ചിരുന്നത്. പോലീസില്‍ പരാതി കൊടുക്കാതിരുന്നത് നാണക്കേട് കൊണ്ടാണ്. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് എത്തിയപ്പോഴാണ് കൊലപാതകമാണെന്ന് അറിയുന്നതെന്നും ശോഭനകുമാരി ആദ്യഘട്ടത്തില്‍ പറഞ്ഞു. പിന്നീട് പോലീസ് പരിശോധനക്ക് ശേഷം തെറ്റു ചെയ്തവര്‍ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു പ്രതികരണം. 15 വര്‍ഷത്തിനിടയില്‍ ആരാണ് ശ്രീകലയുടെ പേരില്‍ ഫോണ്‍ ചെയ്തതെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഈ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: