ഹാഥ്രസ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ തിക്കിലും തിരക്കിലുംപെട്ട് 121 പേര് മരിച്ച സംഭവത്തില്‍ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. ഇവരില്‍ നാല് പേര് പുരുഷന്മാരും രണ്ട് പേര് സ്ത്രീകളുമാണ്. സത്സംഗിന്റെ സംഘാടകരാണ് ഇവരെല്ലാം.
അറസ്റ്റിലായവരാണ് പരിപാടിയിലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നത്. പോലീസോ മറ്റു ഭരണകൂട സംവിധാനങ്ങളോ ഇതിന്റെ ഭാഗമാകാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും അലിഗഢ് ഐജി ശലഭ് മാഥുര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവ് പ്രകാശ് മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി കോടതി ജാമ്യമില്ലാ വാറണ്ടും പുറത്തിറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ചപറ്റിയെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. ഇത് കൂടാതെ സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും മാഥുര്‍ അറിയിച്ചു.
സത്സംഗിന് നേതൃത്വം നല്കിയ ഭോലെ ബാബയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്. ഇയാളെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഹാഥ്രസ് ഫുല്‍റായ് മുഗള്‍ഗഡി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സത്സംഗിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. 80,000 പേര്‍ക്ക് അനുമതി നല്കിയ പരിപാടിയില്‍ രണ്ടര ലക്ഷം പേര് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: