ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പദ്ധതിയിടുമ്പോള്‍ അതിനു തടയിടാന്‍ കോണ്‍ഗ്രസ് നീക്കം. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് മുതലപ്പൊഴി സന്ദര്‍ശിക്കുന്നത് തടയാന്‍ മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. സംഘര്‍ഷ മേഖലയാണെന്ന് വരുത്തി തീര്‍ത്തും, രാപ്പകല്‍ സമരം നടത്തിയും, പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഭരണകാലത്തെ പദ്ധതി നടപ്പിലെ അപാകതയാണ് മുതലപ്പൊഴിയിലെ ഇന്നുള്ള പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഇരട്ടത്താപ്പ്. എന്നാല്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മുതലപ്പൊഴി സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുന്നേ തന്നെ ബിജെപിയുടെ വാഗ്ദാനമായിരുന്നു മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നുള്ളത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഉദ്യോഗസ്ഥ സംഘവുമാണ് ഇന്നലെ അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദര്‍ശിച്ചത്.
കേന്ദ്രമന്ത്രിയായി ജോര്‍ജ് കുര്യന് ചുമതലയപ്പോള് തന്നെ വി മുരളീധരന് അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ ദുരിതങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും, മന്ത്രിയായി കേരളത്തിലെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരുന്നു ഇന്നലത്തെ സന്ദര്‍ശനം.
മുതലപ്പൊഴിയില്‍ എത്തിയ കേന്ദ്രമന്ത്രി ഹാര്‍ബര്‍ എന്‍ജിനീയറുടെ കാര്യാലയത്തില്‍ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും തീരദേശത്തെ ക്രൈസ്തവ സഭകളുടെ നേതൃത്വത്തെയും കണ്ടു. യോഗ സ്ഥലത്ത് കോണ്‍ഗ്രസ് പ്രതിനിധികളെ കടത്തി വിടണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഗേറ്റിനു മുന്നില്‍ ആദ്യ സമരം. ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഒരു തടസ്സവും ഉന്നയിക്കാതെ അവര്‍ നിര്‍ദ്ദേശിച്ച രണ്ടുപേരെ കടത്തിവിടുകയും ചെയ്തു. തുടര്‍ന്ന് സമാധാനപരമായി യോഗം നടക്കുന്നതിനിടയിലാണ് ഒരു വിഭാഗം വീണ്ടും ഗേറ്റിനു മുന്നിലെത്തി ബഹളവും പ്രകോപനവും സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ഹാളിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. പോലീസും നാട്ടുകാരും സമരക്കാരെ നേരിട്ടത് സംഘര്‍ഷത്തിന് കാരണമായി.
കേന്ദ്ര മന്ത്രിയും സംഘവും മടങ്ങിയശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി. മുതലപ്പൊഴിയുടെ പ്രശ്നപരിഹാരത്തിന് എത്തിയ മന്ത്രി സംഘത്തിന് അസൗകര്യം ഉണ്ടാക്കിയ കോണ്‍ഗ്രസുകാരുടെ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പരക്കെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. മുതലപ്പൊഴി പ്രശ്നപരിഹാരത്തിന് ഉടന്‍തന്നെ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി യോഗത്തിനുശേഷം ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: