തൃശ്ശൂര്‍: ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറിനെതിരേ സിപിഎം നിര്‍ദേശ പ്രകാരം പോലീസ് 107-ാം വകുപ്പു ചുമത്തി കേസെടുത്തതില്‍ വ്യാപക പ്രതിഷേധം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചതും കരുവന്നൂര്‍ കേസില്‍ സിപിഎം നേതാക്കളടക്കം പ്രതിക്കൂട്ടിലായതുമാണ് അനീഷ് കുമാറിനെ വേട്ടയാടാനുള്ള സിപിഎം നീക്കത്തിനു പിന്നില്‍.
സ്ഥിരമായി അക്രമങ്ങളില്പ്പെടുന്ന ക്രിമിനലുകള്ക്കെതിരേയുള്ള വകുപ്പാണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. അനീഷ് കുമാറിനെതിരേ ഈ വകുപ്പു പ്രകാരം കേസെടുക്കാന്‍ കാരണമെന്തെന്ന് പോലീസ് പറയുന്നില്ല. കേസ് മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമെന്നു തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പറയുന്നു.
തൃശ്ശൂരില്‍ ബിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം ശക്തി കേന്ദ്രങ്ങളില്‍പ്പോലും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒന്നാമതെത്തി. അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി കാഴ്ചവച്ചത്. തെരഞ്ഞെടുപ്പു വിജയത്തിനു ചുക്കാന്‍ പിടിച്ചത് അനീഷ് കുമാറാണെന്ന് സിപിഎം വിലയിരുത്തുന്നു.
അതോടൊപ്പം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ ബിജെപി ഇടപെടലുകളും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. കേസില്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ജയിലിലാകുന്ന സാഹചര്യമാണുള്ളത്. കരുവന്നൂരില്‍ സിപിഎം അണികള്‍ക്കിടയിലും നേതൃത്വത്തിനെതിരേ വികാരമുണ്ട്. ഇരകള്‍ക്കു നീതി ആവശ്യപ്പെട്ടു ബിജെപി കരുവന്നൂരില്‍ നിന്നു നടത്തിയ പദയാത്രയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഈ സാഹചര്യത്തെ നേരിടാന്‍ ബിജെപി നേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കി ദുര്‍ബലമാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. നിലവില്‍ ഒരു ക്രിമിനല്‍ കേസില്‍പ്പോലും പ്രതിയല്ല അനീഷ് കുമാര്‍. ഏതു സാഹചര്യത്തിലാണ് 107 ചുമത്തുന്നതെന്ന് പോലീസ് വിശദീകരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ബിജെപി തീരുമാനം. ജില്ലയിലെ എല്ലാ മണ്ഡല കേന്ദ്രങ്ങളിലും ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
അനീഷ് കുമാറിനെതിരായ കേസ് പിന്‍വലിക്കാന്‍ പോലീസും സര്‍ക്കാരും തയാറാകണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ബിജെപിയുടെ വളര്‍ച്ചയില്‍ ഭയന്ന് രാഷ്ട്രീയപ്രേരിതമായെടുത്ത കേസാണിതെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: