തൃശ്ശൂര്‍: ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി.
ന്യൂനപക്ഷ ആനുകൂല്യ വിതരണത്തില്‍ നിലവിലെ 80:20 അനുപാതം ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഈ വിവേചനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2013ല്‍ രൂപീകൃതമായ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ ഈ സമുദായത്തില്‍ നിന്ന് ചെയര്മാന് സ്ഥാനത്തേക്ക് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല.
ക്രൈസ്തവര്‍ നേരിടുന്ന അവഗണനയ്ക്കു പരിഹാരമാകുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് നടപടി സ്വീകരിക്കണമെന്നും ജൂലൈ മൂന്നിന് അവധി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും, കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ കളക്ടറേറ്റിലേക്കുള്ള അവകാശദിന റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്.
ജസ്റ്റിസ് കോശി കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, ജൂലൈ മൂന്ന് സെ. തോമസ് ദിനം അവധിയായി പ്രഖ്യാപിക്കുക എന്നിവ ഉന്നയിച്ചായിരുന്നു റാലിയും ധര്‍ണയും. യോഗത്തില്‍ വികാരി ജനറല്‍ മോണ്‍. ജോസ് വല്ലൂരാന് അധ്യക്ഷത വഹിച്ചു.
അവകാശ ദിനാചരണത്തോടനുബന്ധിച്ച് അതിരൂപതയിലെ 200ല്‍ പരം ഇടവക പള്ളികളില്‍ രാവിലെ കുര്‍ബാനയ്ക്കു ശേഷം വികാരിമാരുടെ നേതൃത്വത്തില്‍ പൊതുയോഗം ചേര്‍ന്നു. അവകാശദിന പ്രമേയം പാസാക്കി ഒപ്പുശേഖരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: