നാഗോണ്‍(ആസാം): വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന ആസാമിലെ നാഗോണില്‍ ആയിരത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തില്‍ ഹതിമുര അണക്കെട്ടിന്റെ വലിയൊരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നാണ് കാലിയബോര്‍ മേഖലയില്‍ സ്ഥിതി ഗുരുതരമായത്.
ഇവിടെ 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 1099.5 ഹെക്ടര്‍ കൃഷിയിടം പൂര്‍ണമായും നശിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനങ്ങള്‍ അഭയ കേന്ദ്രങ്ങളിലാണ്. ഝഖലബന്ധ പൊലീസ് സ്റ്റേഷനും പോലീസ് ക്വാര്‍ട്ടേഴ്‌സും വെള്ളത്തിനടിയിലായി.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കാസിരംഗ നാഷണല്‍ പാര്‍ക്കിലും സമീപപ്രദേശങ്ങളിലുമുള്ള ദുരിതമേഖലകളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. സര്‍ക്കാര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം ഉറപ്പ് നല്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം ഹെല്‍ത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഗതാഗതസംവിധാനം സുഗമമാക്കുന്നതിന് മുന്‍ഗണന നല്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
ഹതിമുറ സന്ദര്‍ശിച്ച മുഖ്യമന്ത്രി, അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: