എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപി കൊണ്ടുപോയെന്ന് ഐസക്ക്
ആലപ്പുഴ: ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫിന്റെ അടിത്തറയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക്. സിപിഎം വിവിധ തലങ്ങളില്‍ ബിജെപി വോട്ട് പോയതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തൃശൂരില്‍ വിജയിക്കുക മാത്രമല്ല 11 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് വന്നു. മറ്റ് ഏഴ് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തും. എന്‍ഡിഎയുടെ വോട്ട് ശതമാനം 2019നെ അപേക്ഷിച്ച് 3.64 ശതമാനം ഉയര്‍ന്ന് 19.2 ശതമാനമായി. 2014ല്‍ ഇതിന്റെ പകുതി പിന്തുണയേ കേരളത്തില്‍ ബിജെപിക്ക് ഉണ്ടായിരുന്നുള്ളൂ. ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് കഴിഞ്ഞു.
എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ വളരെ ഫലപ്രദമായി അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തി. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്നും മറ്റും പാര്‍ട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാന്‍ ആര്‍എസ്എസിനു സഹായകമായി.
കേന്ദ്രസര്‍ക്കാരിന്റെ സ്കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. മുദ്രാ വായ്പകള്‍, കര്‍ഷക സമ്മാന്‍, മൈക്രോ ഫിനാന്‍സ്, ജന്‍ ഔഷധി, തെരുവ് കച്ചവടക്കാര്‍ക്കും ആര്ട്ടിസാന്മാര്ക്കുമുള്ള സ്കീമുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ബിജെപി സന്നദ്ധസംഘടനകള്‍ വഴിയുള്ള ദീനാനുകമ്പ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനവും സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
ജാതി സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയില്‍ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എന്‍എസ്എസ് നേതൃത്വം ആര്‍എസ്എസിനെ അകറ്റിനിര്‍ത്തുന്നുണ്ടെങ്കിലും കരയോഗങ്ങളില്‍ വലിയൊരു പങ്ക് ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. ഈഴവ സമുദായത്തില്‍ ബിഡിജെഎസും ശാഖാ യോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വലിയ പരിശ്രമമാണ് നടക്കുന്നത്. ദളിത് സംഘടനകളെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ടെന്നും ഐസക്ക് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: