മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം രംഗത്ത് ഇന്ത്യന്‍ സാന്നിധ്യമായിരുന്ന കൂ അടച്ചുപൂട്ടുന്നു. പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് നാല് വർഷം മുമ്പ് ഇന്ത്യയിൽ ആരംഭിച്ച സ്റ്റാര്‍ട്അപ്പുകളിലൊന്നായിരുന്നു കൂ. അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്വത്കയും ചേർന്ന് ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘കൂ’ അടച്ചുപൂട്ടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രമുഖ ഇന്റർനെറ്റ് കമ്പനികൾ, മീഡിയാ ഹൗസുകൾ എന്നിവരുമായുള്ള ഏറ്റെടുക്കൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയായിരുന്ന കമ്പനി പൂട്ടുന്നത്. ചർച്ച നടത്തിയിരുന്ന കമ്പനികളിൽ ചിലത് കരാർ ഒപ്പിടുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നുവെന്നും എന്നാൽ അവർ മുൻഗണനകൾ മാറ്റിയതിനാൽ കരാർ സാധ്യമായില്ലെന്നും കമ്പനി വ്യക്തമാക്കി.ബാംഗ്ലൂർ ആസ്ഥാനമായുള്ള ന്യൂസ് ആന്റ് കണ്ടന്റ് സ്ഥാപനമായ ഡെയ്‌ലിഹണ്ട് ‘കൂ’വിനെ ഏറ്റെടുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ട്വിറ്ററിനെ മറികടക്കാനാകുമെന്നു കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏകദേശം 10 മില്യണ്‍(ഒരു കോടി) പ്രതിമാസ സജീവ ഉപയോക്താക്കളും 2.1 മില്യണ്‍(21 ലക്ഷം) പ്രതിദിന ഉപയോക്താക്കളും ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്ന കമ്പനി, 2022ൽ കൂ, 50 മില്യൺ ഉപയോക്താക്കളെ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: