കോഴിക്കോട്: മലയാളപത്രമാധ്യമങ്ങളില്‍ വലിയത്യാഗം സഹിക്കേണ്ടി വന്ന പത്രമാണ് ജന്‍മഭൂമിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജന്‍മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരംഭകാലം മുതല്‍ തന്നെ ഭണകൂടങ്ങളുടെ ഭാഗത്തുനിന്നും മറ്റ് അധീശക്തികളുടെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായി. ജന്‍മഭൂമി വളര്‍ന്നാല്‍ അധാര്‍മികശക്തികള്‍ക്കുണ്ടാകുന്ന പ്രശ്‌നത്തെക്കുറിച്ച് അവര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഏതുവിധേനയും ജന്‍മഭൂമിയെ ഇല്ലാതാക്കാന്‍ അവരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. അടിയന്തരാവസ്ഥകാലത്ത് വിപ്ലവപത്രങ്ങല്‍ക്ക് ഒരുബുദ്ധിമുട്ടുമുണ്ടായില്ല. എന്നാല്‍ ജന്‍മഭൂമിക്ക് ക്രൂരമായ നടപടി നേരിടേണ്ടി വന്നു. എങ്കിലും രാഷ്‌ട്രീയ അഭിപ്രായം മാറ്റിവച്ച് സത്യം മനസ്സിലാക്കാനും യാഥാര്‍ത്ഥ്യം തിരിച്ചറിയാനും അവര്‍ ജന്‍മഭൂമി വായിച്ചു.
ജന്‍മഭൂമിക്ക് 50 വയസ്സ് തികയുമ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജന്‍മഭൂമി മുന്നോട്ടുവയ്‌ക്കുന്ന ആശയത്തിനും അതെ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്ന പ്രചാരണത്തെ പിന്തള്ളി കേരളം ദേശീയ പ്രസ്ഥാനത്തെ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജന്‍മഭൂമി അതിനൊരു വഴികാട്ടിയാണ്. കേരളത്തില്‍ മാറ്റം ഉണ്ടായപ്പോല്‍ ചില പത്രമാധ്യമങ്ങള്‍ക്ക് വിളറി പടിച്ചു. ജൂണ്‍ നാലിനു ശേഷം കേരളത്തിലെ രണ്ട് പ്രധാന പത്രം എടുക്കുന്ന നിലപാടുകൾ അത്ഭുതപ്പെടുത്തുന്നു.
കോഴിക്കോടു നിന്നും പ്രസിദ്ധികരിക്കുന്ന പത്രം അവരെ നിലനിര്‍ത്തുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നു. അവരുടെ ശ്രമങ്ങള്‍ നേരത്തെ മനസ്സിലാക്കാന്‍ സാധിച്ചു.
മാധ്യമങ്ങളോട് തിരിച്ചു ഏറ്റുമുട്ടാനില്ല. അത് ഫാസിസ്റ്റ് നയമാണ്. മോദി സര്‍ക്കാര്‍ മാധ്യമങ്ങളോട് എടുക്കുന്ന നിലപാടുകള്‍ കേരളത്തിലെ ബിജെപി സ്വീകരിക്കും. തെറ്റായ പ്രവണതയോട് വിയോജിച്ചു കൊണ്ട് ആശയപരമായ പോരാട്ടമാണത്. ദേശീയ ശക്തികളെ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന മാധ്യമനിലപാടിനെതിരെ ശക്തമായി പോരാടും.
സമീപകാലത്ത് മാധ്യമങ്ങള്‍ ചര്‍ച്ചയ്‌ക്ക് എടുക്കുന്ന വിഷയത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നു. ബിജെപി 20 ശതമാനം വോട്ട് നേടിയപ്പോള്‍ ഇനി എങ്ങനെ പോകണമെന്നത് സംബന്ധിച്ച് അവര്‍ക്കിടയില്‍ ഒരു ധാരണയുണ്ട്. ബിജെപി അത് മനസ്സിലാക്കുന്നു.
മാധ്യമങ്ങള്‍ അവഗണിച്ചാല്‍ ബിജെപിയുടെ ലക്ഷ്യം ജനങ്ങളില്‍ എത്താന്‍ സമാന്തരമാര്‍ഗ്ഗങ്ങൾ സ്വീകരിക്കും. ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്താന്‍ ജന്‍മഭൂമിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ശക്തമാക്കണം. പത്രമാധ്യമങ്ങളില്‍ ഉദാത്തമായ മോഡല്‍ ജന്‍മഭൂമിയാണ്. അതിനെ കേരളത്തിലെ ഒന്നാമത്തെ പത്രമാക്കി മാറ്റുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധമാണ്. സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന ജന്‍മഭൂമിക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും സുരന്ദ്രന്‍ പറഞ്ഞു.
ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അധ്യക്ഷനായി. ന്യൂസ് എഡിറ്റര്‍ എം .ബാലകൃഷ്ണന്‍, യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, കെന്‍സാ ടിഎംടി ചെയര്‍മാന്‍ പി.കെ.മൊയ്തീന്‍ കോയ, ബ്യൂറോ ചീഫ് സിജു കറുത്തേടത്ത്, പരസ്യ വിഭാഗം ഇൻ ചാർജ്ജ് സി.പി.ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: