ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ മാന്നാറിലെ കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പോലീസ് കണ്ടെത്തൽ ഉൾക്കൊള്ളാനാകാതെ കലയുടെ മകൻ. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ മകൻ മാധ്യമങ്ങളോടുപറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പോലീസ് പരിശോധനയിൽ എന്തുകിട്ടിയെന്നും മകൻ ചോദിക്കുന്നു. വൈകാരികമായിരുന്നു മകന്റെ പ്രതികരണം.
താൻ പ്ലസ് വൺ വിദ്യാർത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളിൽ പോയില്ലെന്നും സഹ വിദ്യാർത്ഥികൾക്കിടയിൽ മാനം നഷ്ടമായെന്നും മകൻ സങ്കടത്തോടെ പറഞ്ഞു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാൽ എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നും മകൻ പറഞ്ഞു. അമ്മ എവിടെയോ ജീവനോടെ ഉണ്ടെന്ന മകന്റെ 15 വർഷത്തെ പ്രതീക്ഷകൾ തച്ചുടച്ചുകൊണ്ടായിരുന്നു കല കൊല്ലപ്പെട്ടെന്നും കൊന്നത് ഭർത്താവ് തന്നെയെന്നും ഇന്നലെ പോലീസ് കണ്ടെത്തിയത്.
അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് കേവലം സൂചനയല്ല. തനിക്ക് ഉറപ്പാണ്. അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് പൂർണമായി ആത്മവിശ്വാസമുണ്ട്. അച്ഛന് യാതൊരു ടെൻഷനുമില്ല. എസ്പിയുടെ വാർത്താസമ്മേളനത്തിലുൾപ്പെടെ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും മകൻ ആരോപിക്കുന്നുണ്ട്. അതേ സമയം വാർത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരണമാണ് മകന്റേതെന്ന നിഗമനത്തിലാണ് പോലീസ്. കലയുടെ കൊലപാതകം സ്ഥിരീകരിച്ച പൊലീസ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇസ്രയേലിൽ ജോലിയിലുള്ള അനിലിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ട് വരാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. കലയുടെ മൃതദേഹം കാറിൽ കൊണ്ട് പോയി മറവ് ചെയ്തതെന്ന് സംശയിക്കുന്ന ജിനു, പ്രമോദ്, സോമൻ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറഞ്ഞത്. 2009 ലായിരുന്നു സംഭവമെന്നും മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തവെന്നും പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചുവെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: