നായകനായും രക്ഷകനായുമൊക്കെ സുനിൽ ഷെട്ടി തകർത്തഭിനയിച്ച നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സുനിൽ ഷെട്ടി രക്ഷകനായൊരു സംഭവമുണ്ട്. മുംബൈയിലെ പെൺവാണിഭസംഘത്തിൽ നിന്നും 128 നേപ്പാളി സ്ത്രീകളെയാണ് സുനിൽ ഷെട്ടി രക്ഷപ്പെടുത്തിയത്. അവർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ താരം ബുക്ക് ചെയ്തു. 24 വർഷത്തിനുശേഷം അതിജീവിതകളിൽ ഒരാൾ ഒരു അഭിമുഖത്തിൽ ഈ കഥ വെളിപ്പെടുത്തും വരെ താരം ഈ പ്രവൃത്തി സ്വകാര്യമായി സൂക്ഷിച്ചു.
അതിജീവിത ചാരിമയ തമാംഗ് ആണ് സുനിൽ ഷെട്ടിയുടെ ഈ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഗ്രാമത്തിൽ നിന്ന് എങ്ങനെയാണ് താൻ കടത്തപ്പെട്ടതെന്നും സുനിൽ ഷെട്ടി സെക്‌സ് റാക്കറ്റിൽ നിന്ന് തങ്ങളെ എങ്ങനെ രക്ഷിച്ചുവെന്നും ചാരിമയ തുറന്നു പറഞ്ഞു. “റെസ്ക്യൂ ഓപ്പറേഷൻ എങ്ങനെ നടത്തണമെന്ന് സർക്കാർ ആശയക്കുഴപ്പത്തിലായപ്പോൾ, ഞങ്ങളെ പിന്തുണച്ചത് ഇന്ത്യൻ സിനിമയിലെ നായകന്മാരിൽ ഒരാളായ സുനിൽ ഷെട്ടിയാണ്,” ദ ഫോർഗട്ടൻ വൺസ്: ഹ്യൂമൻ ട്രാഫിക്കിംഗ് ഇൻ നേപ്പാൾ എന്ന ഡോക്യുമെന്ററിയിൽ ചാരിമയ പറഞ്ഞു.
“1996 ഫെബ്രുവരി 5ന്, വേശ്യാലയ തെരുവായ കാമാത്തിപുര മുഴുവൻ പോലീസും സാമൂഹിക പ്രവർത്തകരും വളഞ്ഞിരുന്നു. അവർ ഞങ്ങളെ അവിടെ നിന്ന് പുറത്തിറക്കി. ഞങ്ങളെ രക്ഷപ്പെടുത്തി. എന്നാൽ രക്ഷപ്പെടുത്തിയതിനു ശേഷം നേപ്പാൾ സർക്കാർ ഞങ്ങളെ തിരികെ കൊണ്ടുപോവാൻ വിസമ്മതിച്ചു. ഞങ്ങൾക്ക് ജനന സർട്ടിഫിക്കറ്റോ പൗരത്വ കാർഡോ ഇല്ലെന്ന് സർക്കാർ പറഞ്ഞു. അപ്പോഴാണ് നിങ്ങളുടെ ഹീറോ, സുനിൽ ഷെട്ടി ഞങ്ങളുടെ രക്ഷകനായത്. രക്ഷപ്പെട്ട ഞങ്ങൾ 128 സ്ത്രീകൾക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാന ടിക്കറ്റ് അദ്ദേഹം നൽകി.”
1996 ഫെബ്രുവരി 5ന് മുംബൈയിലെ കാമാത്തിപുര റെഡ് ലൈറ്റ് ഏരിയയിൽ നിന്ന് 14നും 30 നും ഇടയിൽ പ്രായമുള്ള 456 പേരെയാണ് മുംബൈ പോലീസ് രക്ഷപ്പെടുത്തിയത്. അതിൽ 128 പേർ നേപ്പാളികളായിരുന്നു. എന്നാൽ അവർക്ക് പൗരത്വരേഖ ഇല്ലാത്തതിനാൽ അവരെ തിരിച്ചു നാട്ടിലേക്ക് എത്തിക്കാൻ നേപ്പാൾ സർക്കാർ ആഗ്രഹിച്ചില്ല. എന്നാൽ, അവർക്കെല്ലാം വിമാനടിക്കറ്റ് നൽകി, തന്റെ ഭാര്യാ മാതാവും ‘സേവ് ദ ചിൽഡ്രൻ’ എന്ന എൻജിഒയുടെ സ്ഥാപകയുമായ വിപുല കദ്രിയുടെ സഹായത്തോടെ ആ സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു നടൻ.
“ഫ്ലൈറ്റ് ടിക്കറ്റിന്റെ വിലയെക്കുറിച്ച് ഞങ്ങൾ അപ്പോൾ ആലോചിച്ചില്ല, ചെലവ് അത്ര പ്രധാനമായിരുന്നില്ല. ആ പരിശ്രമമായിരുന്നു പ്രധാനം. എന്റെ ഭാര്യാമാതാവ് സേവ് ദി ചിൽഡ്രൻ എൻജിഒ ആരംഭിച്ചിരുന്നു, ഇന്നും അത് സജീവമാണ്. ഇന്നും നമ്മളെല്ലാവരും അതിൽ ഉൾപ്പെട്ടവരാണ്,” ഇതിനെ കുറിച്ച് സുനിൽ ഷെട്ടി പറയുന്നതിങ്ങനെ.
“എന്തുകൊണ്ടാണ് ഇത്രയും വർഷം ഇക്കാര്യം സ്വകാര്യമാക്കി വച്ചു,” എന്ന ചോദ്യത്തിന് “ഒന്നാമത്, ഞങ്ങൾ അതിനെ മഹത്വവരിക്കാൻ ആഗ്രഹിച്ചില്ല. അത്രയും പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കാര്യം പരസ്യമാക്കുന്നതും ശരിയായില്ല. രണ്ടാമത്, ഇത്തരം വൃത്തിക്കെട്ട മാഫിയകൾ ഒരിക്കലും ഇല്ലാതാവില്ല. ആ ഓപ്പറേഷൻ വളരെ ലോ പ്രൊഫൈൽ ആയാണ് ചെയ്താണ്. അതിനാൽ അധികമാരും അത് അറിഞ്ഞില്ല,” സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: