Kerala

മസ്റ്ററിങ് പ്രതിസന്ധി വയോജനങ്ങളെ വലയ്‌ക്കുന്നു: സീനിയര്‍ സിറ്റിസണ്‍ സംഘ്

Published by

കൊച്ചി: സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് ഓഗസ്റ്റ് 24 ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കെ അതിനുള്ള അനുമതി സംസ്ഥാനത്ത് വളരെക്കുറച്ച് പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രം നല്കിയത് വയോജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് സീനിയര്‍ സിറ്റിസണ്‍ സംഘ് കുറ്റപ്പെടുത്തി. ഇതുമൂലം വൃദ്ധജനങ്ങള്‍ രാവിലെ മുതല്‍ തന്നെ അക്ഷയകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്.

കേന്ദ്ര ഐടി വകുപ്പിന്റെ കീഴിലുള്ള സിഎസ്‌സി ഇ- ഗവര്‍ണന്‍സ് ഇന്ത്യയുടെ കോമണ്‍ സര്‍വീസ് സെന്ററിന് കൂടി മസ്റ്ററിങ് നടത്താനുള്ള അനുവാദം കൊടുത്തിരുന്നെങ്കില്‍ വളരെ സുഗമമായി അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമായിരുന്നു. അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ അനുമതി നല്കിയത് പ്രായമായവരെയും കിടപ്പുരോഗികളെയും വളരെയധികം ബുദ്ധിമുട്ടിക്കുകയാണെന്ന് സീനിയര്‍ സിറ്റിസണ്‍ സംഘ് (ബിഎംഎസ്) സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ജീവന്‍ പ്രമാണ്‍, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് മുതലായ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കാന്‍ അംഗീകാരമുള്ള സിഎസ്‌സി കേന്ദ്രങ്ങള്‍ക്ക് മസ്റ്ററിങ്ങിനുള്ള അനുവാദം നല്കാത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ ഐടി വകുപ്പിന്റെ കീഴിലുള്ള ജീവന്‍രേഖ പോര്‍ട്ടല്‍ അക്ഷയക്ക് മാത്രം അനുവദിച്ചിട്ടുള്ളതിനാല്‍ വ്യക്തികള്‍ക്ക് നേരിട്ട് സിറ്റിസണ്‍ ഐ ഡി പോലും നല്കിയിട്ടില്ല. അക്ഷയ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് സിഎസ്‌സികള്‍ക്കും മസ്റ്ററിങ് ചെയ്ത് നല്കാനുള്ള അനുവാദം നല്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന ഭാരവാഹി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു,

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ. എന്‍. പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ. വി. അച്യുതന്‍ സ്വാഗതവും ട്രഷറര്‍ ടി. ആര്‍. മോഹനന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി. സുധാകരന്‍, വൈസ് പ്രസിഡന്റ് സുനില്‍ കെ. ഭാസ്‌കര്‍, ഡെപ്യൂട്ടി ജന. സെക്രട്ടറി കെ. ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക