ബ്രോക്കറേജ് കമ്പനികള്‍ സാധാരണക്കാരയ റീട്ടെയ്ല്‍ ഇടപാടുകാരെ പിഴിഞ്ഞ് കൂടുതല്‍ ലാഭം ഈടാക്കുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ഒരുങ്ങുകയാണ് സെബി. ഇങ്ങിനെ ഒരു വാര്‍ത്ത പരന്നതോടെ ബ്രോക്കറേജ് സ്ഥാപനങ്ങളായ ജിയോജിത്, എയ്ഞ്ചല്‍ വണ്‍, മോത്തിലാല്‍ ഓസ് വാള്, ഫൈവ് പൈസ ക്യാപിറ്റല്‍ എന്നിവയുടെ ഓഹരിവിലയില്‍ വന്‍ ഇടിവ്.
ഓഹരിയിടപാടിന്റെ ഫീസ് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെബി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഈ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് വലിയ മാനസിക ആഘാതമായിരിക്കുകയാണ്. ഇപ്പോള്‍ മാസാടിസ്ഥാനത്തിലാണ് ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്നും സെബി ഫീസ് ഈടാക്കുന്നത്. എന്നാല്‍ ഈ ബ്രോക്കറേജ് സ്ഥാപനങ്ങളാകട്ടെ അവരുടെ പ്ലാറ്റ് ഫോമുകളില്‍ ഓഹരിയിടപാട് നടത്തുന്ന റീട്ടെയ്ല്‍ സ്ഥാപനങ്ങളില്‍ നിന്നും ദിവസേന ഫീസ് ഈടാക്കുന്നു. ഇതുവഴി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വന്‍ ലാഭമുണ്ടാക്കുന്നു എന്ന വിമര്‍ശനം ഈയിടെ ശക്തമായിരുന്നു. അതോടെയാണ് ഇത്തരം ബ്രോക്കറേജ് സ്ഥാപനങ്ങളെ ഫീസ് ഏകീകരിച്ച് മൂക്കുകയറിടാന്‍ സെബി ആലോചിച്ചത്. ഉടനെ സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു.
ഇതോടെ എയ്ഞ്ചല്‍ വണ്‍ ഓഹരി 8.59 ശതമാനം ഇടിഞ്ഞു. ഏകദേശം 221 രൂപ നഷ്ടത്തില്‍ 2357 രൂപയില്‍ ഈ ഓഹരി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. അതുപോലെ ജിയോജിതിന്റെ ഓഹരി വില 103ല്‍ നിന്നും 96 രൂപയിലേക്ക് ഇടിഞ്ഞു. മോത്തിലാല്‍ ഓസ് വാളിന്റെ ഓഹരി വില 23 രൂപ ഇടിഞ്ഞ് 568 രൂപയിലേക്ക് താഴ്ന്നു.
കുറഞ്ഞ ഫീ മാത്രം വാങ്ങി സാധാരണ ഓഹരി ഇടപാടുകാര്‍ക്ക് ലാഭം നേടിക്കൊടുക്കുന്ന സെറോദയെപ്പോലെയും ഫൈവ് പൈസ പോലെയും ഉള്ള സ്ഥാപനങ്ങള്‍ക്ക് സെബിയുടെ ഈ നീക്കം ഇരുട്ടടിയാകും. ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് രംഗത്ത് ഇനി സീറോ ചാര്‍ജ്ജ് ഈടാക്കുന്ന രീതി തുടരാനാവില്ലെന്ന് സെറോദയുടെ സിഇഒ നിതിന്‍ കാമത്ത് പറഞ്ഞു. കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നവര്‍ ആ ഇടപാടിന് കമ്മീഷന് കുറച്ചുകൊടുത്താല്‍ മതിയെന്ന ഓഹരി വിപണിയുടെ ഇപ്പോഴത്തെ രീതി ചൂഷണം ചെയ്യുന്ന വമ്പന്‍ ദല്ലാള്‍ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: