അര്‍ത്ഥം കിട്ടിയ അല്പന് പാര്‍ലമെന്റിലെത്തിയാല്‍ അവിടെ പട്ടാപ്പകല്‍ മുത്തുക്കുട ചൂടിയാടുമെന്നതിന്റെ തെളിവാണ് ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കന്നിപ്രസംഗം. പച്ചക്കള്ളവും പരിഹാസവും പരനിന്ദയും വിദ്വേഷവും നിറഞ്ഞ ആ പ്രസംഗത്തിന് കൈയടിക്കുകയാണ് മലയാളത്തിലെ ഒരു കൂട്ടം മാധ്യമങ്ങള്‍. അതൊരു നയപ്രഖ്യാപനം കൂടിയാണ്. ഇനിയുള്ള അഞ്ച് കൊല്ലം ഏത് കള്ളത്തിനും കൈയടിക്കുമെന്ന നയപ്രഖ്യാപനം. മോദിയെയും ബിജെപിയെയും താറടിക്കാനും അധിക്ഷേപിക്കാനും കിട്ടുന്ന എല്ലാ അവസരവും അവര്‍ ഉപയോഗിക്കും. അതിന് ഏത് പെരുംനുണയനെയും വാഴ്ത്തും. ജനാധിപത്യം സംരക്ഷിക്കാന്‍ അവതാരം പിറന്നു എന്ന മട്ടിലാണ് അകവും പുറവും അവര്‍ എഴുതി നിറച്ചത്. പാര്‍ലമെന്റിലെ വാര്‍ത്തകളുടെ റിപ്പോര്‍ട്ടായിരുന്നില്ല തെരഞ്ഞെടുപ്പ് കാലത്തുദിച്ച കാമം കരഞ്ഞുതീര്‍ക്കും പോലെയാണ് രാഹുല്‍ബാബയുടെ നുണയാട്ട് കേട്ട് കോരിത്തരിച്ചുപോയ മാമ (മാതൃഭൂമി, മനോരമ) മാധ്യമങ്ങളുടെ ഒന്നാം പുറം ഇന്നലെ ഇറങ്ങിയത്.
ഹിന്ദു എന്ന് പറയുന്നവര്‍ ഹിംസയും വിദ്വേഷവും പരത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വിളിച്ചു പറഞ്ഞപ്പോള്‍ അത് ഗുരുതരമായ ആരോപണമാണെന്ന് പറയാന്‍ പ്രധാനമന്ത്രി എഴുന്നേറ്റു. ഉടന്‍ കോള്‍മയിരാണ്ട മാതൃഭൂമി, മനോരമ, മാധ്യമം പ്രഭൃതികള്‍ അതും ആഘോഷമാക്കി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാകെ പാര്‍ലമെന്റിനെ വേദിയാക്കി ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഒരാള്‍ പച്ചയ്ക്ക് അധിക്ഷേപിക്കുമ്പോള്‍ അത് ശരിയായില്ല എന്ന് പറയാന്‍ മോദി എഴുന്നേറ്റതാണ് പ്രധാനമന്ത്രിയെ നിര്‍ത്തിപ്പൊരിച്ചു എന്ന് ഇവര്‍ എഴുതിപ്പിടിപ്പിച്ചത്. പാര്‍ലമെന്റിനുള്ളില്‍ ഭഗവാന് ശിവന്റെയടക്കമുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഉറഞ്ഞുതുള്ളിയത്. കീ കൊടുത്താല്‍ തുള്ളുന്ന പാവയുടെ ഗതിയായിരുന്നു പലപ്പോഴും, പാര്‍ലമെന്റ് ഹാളില്‍ ചിത്രങ്ങളോ പ്ലക്കാര്‍ഡുകളോ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാമകളുടെ മിശിഹ ശിവ്ജിയുടെ ചിത്രത്തിന് വിലക്കുണ്ടോ സാര്‍ എന്ന് ആവര്‍ത്തിച്ച് അപഹസിക്കുകയായിരുന്നു.
അഗ്നിവീറുകളെ സര്‍ക്കാര്‍ അവഹേളിക്കുന്നുവെന്ന്, സൈന്യത്തെ ഭിന്നിപ്പിക്കുന്നുവെന്നൊക്കെ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം വിളമ്പുകയായിരുന്നു രാഹുല്‍ ചെയ്തത്. സേവനത്തിലോ അഭ്യാസത്തിനോ ഇടയില്‍ ബലിദാനികളാകുന്ന അഗ്നിവീറിന്റെ കുടുംബത്തിന് ഒരു കോടിയുടെ ധനസഹായം സര്‍ക്കാര്‍ നയമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആധികാരികമായ മറുപടി നല്‍കിയിട്ടും മാമ മിശിഹയുടെ വാക്കുകള്‍ വലിയ കണ്ടെത്തലായി കൊട്ടിഘോഷിക്കുകയായിരുന്നു അവര്‍. സത്യം പറയില്ലെന്ന് മാത്രമല്ല, കള്ളം കള്ളമാണെന്ന് പറയാനുള്ള മര്യാദ കൂടി കാട്ടിയില്ലെന്ന് സാരം. ഏത് കള്ളവും സത്യമാക്കുന്നതാണ് പുതുകാല മാധ്യമരീതിയെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് വന്നാല്‍ എന്ത് ചെയ്യാനാണ്.
ആകെക്കിട്ടിയ 99 സീറ്റിന്റെ ബലത്തില്‍ പ്രധാനമന്ത്രിയായെന്ന ഭാവത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ വാചകമടി. സ്പീക്കര്‍ അദ്ദേഹത്തെ കുമ്പിട്ട് തൊഴാത്തതിലുള്ള പരിഭവം മറച്ചുവയ്ക്കാനുള്ള മര്യാദ പോലും അധികാരാര്‍ത്തിയില്‍ അഹങ്കാരിയായിത്തീര്‍ന്ന അദ്ദേഹത്തിനില്ലാതായിപ്പോയിരിക്കുന്നു. തന്നോട് ചട്ടം പറഞ്ഞ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് സംസ്കാരം പഠിപ്പിച്ചുകൊടുക്കാനിറങ്ങുമ്പോഴാണ് രാഹുല്‍ കുനിഞ്ഞ് തൊഴാത്തതെന്താണെന്ന് ചോദ്യമുയര്‍ത്തിയത്. ഓം ബിര്‍ള സ്പീക്കറായപ്പോള്‍ മോദിക്കൊപ്പം കൈ കൊടുത്തതിന്റെ കഥ ഓര്‍മ്മിപ്പിക്കുകയായിരുന്നു രാഹുല്‍. മോദി കൈ തന്നപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ തല കുനിച്ച് വണങ്ങി. ഞാന്‍ കൈ തന്നപ്പോള്‍ എന്തുകൊണ്ട് എന്നെ വണങ്ങിയില്ല എന്നതായിരുന്നു രാഹുലിന്റെ ചോദ്യം. മുതിര്‍ന്നവരെയും ഉയര്‍ന്ന പദവിയിലിരിക്കുന്നവരെയും തല കുനിച്ച് വണങ്ങുന്നതും കാല് തൊട്ട് തൊഴുന്നതും എന്റെ സംസ്കാരമാണെന്ന് ഓം ബിര്‍ള അതിന് മറുപടി നല്കി. തുല്യരോട് ഹസ്തദാനം എന്നത് രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കാനുള്ള ത്രാണിയുള്ള ആളല്ല ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രതിപക്ഷനേതാവ്. സംസ്കാരം പാര്‍ലമെന്റില്‍ നിന്ന് കിട്ടേണ്ടതല്ല. ഒരു പ്രധാനമന്ത്രിയെ സാരിത്തുമ്പില്‍ കെട്ടിനടന്നതിന്റെ പാരമ്പര്യത്തില്‍ ഓം ബിര്‍ള പറഞ്ഞ ഈ സംസ്കാരം പിറക്കില്ല. പാര്‍ലമെന്റില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവതരിപ്പിച്ച ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ വലിച്ചുകീറിയെറിയുന്ന പട്ടായബാലന്മാരുടെ ശീലവും രീതിയും ഇതിനപ്പുറം പോകാനിടയുമില്ല. പറഞ്ഞതെല്ലാം അബദ്ധമാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടി അറിഞ്ഞ് വരുമ്പോഴേക്കും പിന്നെ മലക്കം മറിച്ചിലാണ്. ഹിന്ദുക്കളെയല്ല, ആര്‍എസ്എസിനെയും ബിജെപിയെയുമാണ് പറഞ്ഞത്, സ്പീക്കറെ അപമാനിച്ചതല്ല സ്പീക്കര്‍ ആരുടെ മുന്നിലും തലകുനിച്ച് വണങ്ങരുതെന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത് എന്നൊക്കെയാണ് കിടന്ന് ഉരുളുന്നത്.
കന്നിപ്രസംഗം ഇതാണെങ്കില്‍ വരാന്‍ പോകുന്ന നാളുകള്‍ ഈ മനുഷ്യന് എന്തൊക്കെ പറയുമെന്ന് ഒരു ധാരണയുമില്ല. തിരുത്താനാണെങ്കില്‍ ആ പാര്‍ട്ടിയില്‍ അടുക്കളപ്പണിക്കാരല്ലാതെയാരുമില്ല താനും. അമ്മയും മോനും അകത്തും പെങ്ങളും അളിയനും പുറത്തും കാട്ടിക്കൂട്ടുന്നതൊക്കെ ന്യായീകരിച്ച് മെഴുകുക എന്നതാണ് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആകെയുള്ള പണി. ഹൈക്കമാന്‍ഡിന്റെ വലിപ്പം വേണുസാറിനോളമാണെന്ന് അറിയുമ്പോള്‍ ആ പ്രതീക്ഷയും തീരും. പിന്നെന്തെങ്കിലും വേണമെങ്കില്‍ ഇന്‍ഡി മുന്നണി എന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ പിന്നാമ്പുറത്ത് നില്ക്കുന്നവര് ചെയ്യണം. അടിച്ചുപിരിയുകയല്ലാതെ അവര്‍ക്ക് വേറെ വഴിയൊന്നും ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. പൊതുസമൂഹം, പ്രത്യേകിച്ച് ഹിന്ദു സമൂഹം കരുതിയിരിക്കേണ്ടത് കേരളത്തിലെ മാതൃഭൂമി, മനോരമ ആവേശങ്ങളെയാണെന്ന് മാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: