സ്വര്‍ണം പൊട്ടിക്കലിന്റെ കഥ കേട്ട് കേരളം ഞെട്ടുന്നു. പരിശോധനകളെയും പിടിവീഴുന്നതിനെയും വെട്ടിച്ചെത്തുന്ന സ്വര്‍ണം പൊട്ടിക്കുന്നത് സിപിഎം കേഡറുകള്‍. അതില്‍ ആകാശ് തില്ലങ്കേരിയുണ്ട്, അര്ജ്ജുന് ആയങ്കിയുണ്ട്. പേരുള്ളതും ഇല്ലാത്തതുമായ ഒരുപാടുപേരുണ്ട്. പാര്‍ട്ടിയുടെ തലക്കനമുള്ള നേതാക്കളുടെ ഒത്താശയും സഹായവും സംരക്ഷണവും അതിനുണ്ട്. ഒരു ബ്രാഞ്ച് സഖാവിനെ കഴിഞ്ഞ ദിവസം പുറത്താക്കി. പുറത്താക്കലൊന്നും ബാധകമാകാതെ മറ്റൊരു കുട്ടി സഖാവുണ്ട്. ജിതിന് രാജെന്നാണ് പേര്. വലിയ നേതാവിന്റെ സംരക്ഷണത്തിലും തണലിലും സഹായത്തിലും കഴിയുന്ന ആ സഖാവാണ് മനു തോമസിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.
പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തായത് കണ്ണൂര്‍ ജില്ലയിലെ പെരുങ്ങോം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷാണ്. ഡിവൈഎഫ്ഐ എരമം സെന്‍ട്രല്‍ കമ്മിറ്റി മുന്‍ അംഗമാണ് സജേഷ്. ഇയാള്‍ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി വിശാലമായ ബന്ധമാണുള്ളത്. അര്ജുന് ആയങ്കിയുടെ ഏറ്റവും അടുപ്പമുള്ള ആളാണ് ഇയാള്‍. സ്വര്‍ണം പൊട്ടിക്കലുമായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നെങ്കിലും അന്നൊന്നും ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സത്യപാലിന്റെ ഡ്രൈവര്‍ കൂടിയാണ് സജേഷ്. നടപടിയെടുത്തിട്ട് ഒന്നരമാസം കഴിഞ്ഞു, പക്ഷേ ഇപ്പോഴാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്വഭാവദൂഷ്യമാണ് പാര്‍ട്ടി ആരോപിക്കുന്ന കുറ്റം.
ഇങ്ങനെ പുറത്താക്കേണ്ടവര്‍ നിരവധിയുണ്ട്. പക്ഷേ അതൊക്കെ മൂടിവയ്ക്കാനും സംരക്ഷിച്ച് നിര്‍ത്താനുമാണ് പാര്‍ട്ടിക്ക് താല്പര്യം. പുറത്താക്കല്‍ തുടര്‍ന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ കഥ കഷ്ടമാകും. ചെങ്കൊടിയും അധോലോകവും കൂട്ടിക്കെട്ടേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിക്കുന്നത്. അധോലോക സംസ്കാരം ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന കണ്ടുപിടിത്തമാണ് ബിനോയ് വിശ്വം നടത്തിയിട്ടുള്ളത്. ബിനോയിക്ക് കണ്ണൂരിലെ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടില്ലെന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടിയാണ് താനിത് പറയുന്നതെന്നും ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും പറയുന്ന ബിനോയ്, എല്ലാം പാര്‍ട്ടിക്കുവേണ്ടിയാണെന്നും ആണയിടുന്നു.
കയ്യൂരും കരിവെള്ളൂരും കാവുമ്പായിയിലും ഒഞ്ചിയത്തും ഒരുപാട് ചോരവീണുയര്‍ന്ന പ്രസ്ഥാനമാണിതെന്നും ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കെന്നും പറയുന്നു ബിനോയ്. സ്വര്‍ണം പൊട്ടിക്കലിന്റെ കഥവരുന്നു. അധോലോക സംസ്കാരം വരുന്നു. അധോലോക സംസ്കാരം വേണ്ടെന്നാണ് സിപിഐയുടെ അഭിപ്രായം. ഇതേ അഭിപ്രായമാണ് സിപിഎമ്മിനും എന്നാണ് ബിനോയ് വിശ്വം വച്ചുകാച്ചിയത്. കേരളത്തിലെ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടിയുള്ള അഭിപ്രായമാണ് താന്‍ പറയുന്നതെന്നു കൂടി സിപിഐ സെക്രട്ടറി പറയുമ്പോള്‍ ഒന്നു കണ്ണൂരിലെ സിപിഎമ്മിന്റെ ചരിത്രം കൂടി പരിശോധിക്കണമെന്നേ ഉത്തരന് പറയുന്നുള്ളൂ.
കണ്ണൂരില്‍ പണ്ടൊരു സിപിഐ സെക്രട്ടറിയുണ്ടായിരുന്നു, ശ്രീധരന്. അയാള്‍ പറഞ്ഞ ഒരുപാട് സത്യങ്ങളുണ്ട്. അതുകൂടി ഒന്നു ശ്രദ്ധിക്കണമായിരുന്നു. വിതയത്തില്‍ കമ്മീഷന് നല്കിയ മൊഴിയുണ്ട്, അതുകൂടി വായിക്കണമായിരുന്നു. തലശ്ശേരിയിലെ സകല കുഴപ്പങ്ങളും ഉണ്ടാക്കിയത് സിപിഎം കാരാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. തലശ്ശേരിയിലെ വര്‍ഗ്ഗീയ കലാപത്തിന് ഉത്തരവാദി സിപിഎം ആണെന്നും കാര്യ കാരണ സഹിതം നിരത്തിയിട്ടുണ്ട്. എന്നിട്ടും സിപിഎമ്മിന് ഗുഡ്സര്‍വ്വീസ് എന്‍ട്രി നല്കാന് സിപിഐ സെക്രട്ടറി ശ്രമിക്കുമ്പോള്‍ ശുദ്ധ ഭോഷ്കാണെന്നേ പറയാനുള്ളൂ.
രാജ്യസഭാംഗമെന്ന നിലയില്‍ നല്ല പ്രവര്‍ത്തനം നടത്തിയെന്നവകാശപ്പെടുന്ന സിപിഐ സെക്രട്ടറി മാധ്യമങ്ങളെ സ്മരിക്കാനും തയ്യാറായി. ചോദ്യങ്ങള്‍, സബ്മിഷനുകള്‍, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് എന്നിവയുടെ കണക്കെടുത്താല്‍ കെങ്കേമമായിരുന്നു എന്നാണ് അവകാശവാദം. സുഹൃത്തുക്കളെല്ലാം വിലയിരുത്തിയത് അങ്ങനെയാണത്രെ. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യശൈലിക്കെതിരെ നിരന്തരം പോരാടി എന്നും അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കാലത്തെ നിലപാടെന്തായിരുന്നു എന്നുകൂടി വിശദീകരിക്കുന്നത് നന്നായിരുന്നു. ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ എന്ന് പറഞ്ഞ കക്ഷിയാണ് സിപിഐ. അച്യുതമേനോന് മികച്ച മുഖ്യമന്ത്രിയാണെന്ന് പറയാനും ബിനോയ് വിശ്വത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അച്യുതമേനോന് മുഖ്യമന്ത്രിയായത് അടിയന്തരാവസ്ഥയിലാണ്.
അടിയന്തരാവസ്ഥയിലെ ഇരുപതിന പരിപാടിക്കും മകന്റെ അഞ്ചിന പരിപാടിക്കും പിന്തുണ നല്കിയ മുഖ്യമന്ത്രിയാണ് അച്യുതമേനോന്. കേരളത്തിലെ കിരാതവാഴ്ചയുടെ മുഖ്യ സൂത്രധാരന്‍ അച്യുതമേനോനായിരുന്നു. എന്നിട്ടും ആ അടിയന്തരാവസ്ഥയെ തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത ബിനോയ് വിശ്വം ഇല്ലാത്ത അടിയന്തരാവസ്ഥയേയും ഏകാധിപത്യത്തേയും ചെറുത്തു നിന്നു എന്നു പറയുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ വഞ്ചനയാണ്.
പിന്നെ സിപിഐ, എല്‍ഡിഎഫ് വിടണമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്റെ പ്രസ്താവന ചിരിച്ചു തള്ളുകയാണെന്ന് ബിനോയ് വിശ്വത്തിന്റെ മറുപടി. കഴിയുംപോലെ ചിരിക്കൂ എന്നിട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യൂ. ഏതായാലും ഡി. രാജയടക്കമുള്ള സിപിഐ നേതാക്കള്‍ രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി കൂട്ടാനല്ലെ കറങ്ങി നില്‍ക്കുന്നത്. കറങ്ങിത്തിരിഞ്ഞ് ബിനോയിയും ആ ക്യാമ്പില്‍ തന്നെ എത്തില്ലെന്നതിന് എന്താണുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: