ന്യൂദല്‍ഹി: ലോക ചെസ് പോരാട്ടത്തിന് സിംഗപ്പൂര്‍ വേദിയാകും. നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യയുടെ ഡി. ഗുകേഷ് നേരിടും. 2024 നവമ്പര്‍ 20 മുതല്‍ ഡിസംബര്‍ 15 വരെയാണ് മത്സരം. 14 ഗെയിമുകളാണ് ഇരുവരും കളിക്കുക. 25 ലക്ഷം ഡോളറാണ് (20.87 കോടി രൂപ) ആണ് വിജയിക്ക് കിട്ടുന്ന സമ്മാനത്തുക. ചരിത്രത്തില്‍ ആദ്യമായാണ് ലോക ചെസ് മത്സരത്തില്‍ സിംഗപ്പൂര്‍ വേദിയാകുന്നതെന്ന് ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി വൊര്‍കോവിച്ച് പറഞ്ഞു.
ചെന്നൈയും ദല്‍ഹിയും ഉള്‍പ്പെടെ നാല് വേദികള്‍ ലോക ചെസ് മത്സരം സംഘടിപ്പിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. പക്ഷെ നറുക്ക് സിംഗപ്പൂരിന് വീണു. ലോക ചെസ് ഫെഡറേഷന് (ഫിഡെ) സംഘം ചെന്നൈയും ദല്‍ഹിയും സന്ദര്‍ശിച്ചിരുന്നു. പല ഘടകങ്ങളും പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് 15അംഗ ഫിഡെ സംഘം സിംഗപ്പൂരിനെ മത്സരവേദിയായി തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ മത്സരം വെയ്ക്കുന്നത് വലിയ ആരാധകരുള്ള ഗുകേഷിനെ സഹായിച്ചേക്കുമെന്ന് ചൈനയുടെ ഡിങ് ലിറന് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Pity, India lost the bid to host the World championship. It would have been amazing for chess and chess fans in India.
I am confident that Singapore will do an amazing job and it will be a spectacle to watch! 👏 pic.twitter.com/UG9XfzA3ip
— Vidit Gujrathi (@viditchess) July 1, 2024
ഇന്ത്യയ്ക്ക് വേദി കൈവിട്ടതില്‍ യുവ ഗ്രാന്റ്മാസ്റ്ററാണ് വിദിത് ഗുജറാത്തി ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയിലായിരുന്നെങ്കില്‍ ലക്ഷക്കണക്കിന് ചെസ് ആരാധകര്‍ക്കും ആയിരക്കണക്കിന് ചെസ് താരങ്ങള്‍ക്കും അത് പ്രചോദനമായേനെ എന്നായിരുന്നു വിദിത് ഗുജറാത്തിയുടെ പ്രതികരണം. അതേ സമയം സിംഗപ്പൂര്‍ വേദിയാകുന്നതില്‍ അവിടുത്തെ ഗ്രാന്റ് മാസ്റ്റര്‍ ടിന് ജിംഗ്യാവോ സന്തോഷം പ്രകടിപ്പിച്ചു. “സിംഗപ്പൂരില്‍ ചെസില്‍ സാധാരണ മത്സരങ്ങള്‍ പോലും ഇവിടെ നടക്കാറില്ല. പിന്നെയല്ലേ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്. മുന്പൊരിയ്ക്കലും ഇവിടുത്തെ ചെസ് ആരാധകര്‍ക്കോ കളിക്കാര്‍ക്കോ ഒരു അന്താരാഷ്ട്രമത്സരത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും ഇത് സവിശേഷമായ ഒന്നായി മാറും. “- അദ്ദേഹം പറഞ്ഞു.
കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യനാകുന്ന താരമാണ് ലോകചെസ് കിരീടത്തിനായി ലോക ചാമ്പ്യനെ വെല്ലുവിളിക്കാന്‍ അര്‍ഹത നേടുക. ഇക്കഴിഞ്ഞ ഏപ്രിലില്‍ 17 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ ലോക രണ്ട്, മൂന്ന്, നാല് രാങ്കുകരായ യുഎസിലെ ഫാബിയാനോ കരുവാന, യുഎസിലെ തന്നെ ഹികാരു നകാമുറ, റഷ്യയുടെ ഇയാന്‍ നെപോമ് നിഷി എന്നിവരെ മലര്‍ത്തിയടിച്ചാണ് കാന്‍ഡിഡേറ്റ്സ് കിരീടം നേടി ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ്ങ് ലിറനെ വെല്ലുവിളിക്കാന്‍ യോഗ്യത നേടിയത്. കാന്‍ഡിഡേറ്റ് സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡി. ഗുകേഷ് മാറി. മാത്രമല്ല, കരുനീക്കങ്ങള്‍ക്ക് ദീര്‍ഘസമയം അനുവദിക്കുന്ന ക്ലാസിക് ചെസ്സില്‍ ലോകത്തില്‍ തന്നെ ഒരു പുതിയ താരോദയമായി മാറിയിരിക്കുകയാണ് ഡി. ഗുകേഷ്. എതിരാളിയുടെ പിഴവിനായി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാനുള്ള ഗുകേഷിന്റെ കഴിവാണ് അദ്ദേഹത്തെ ചെറിയ പ്രായത്തിലേ വമ്പന്മാരെ അട്ടിമറിക്കാന്‍ യോഗ്യനാക്കിയത്.
ചെസ് വിദഗ്ധര്‍ ഗുകേഷിനാണ് വിജയസാധ്യത കല്പിക്കുന്നത്. കഴിഞ്ഞ ലോകകിരീടം നേടിയ ശേഷം ഡിങ് ലിറന്റെ ഫോം തീരെ മോശമാണ്. പല മത്സരങ്ങളിലും മോശം പ്രകടനമാണ് ഡിങ്ങ് ലിറന് നടത്തിയത്.
ലോകചെസ് മത്സരത്തിനുള്ള ബോര്‍ഡ് ഡിസൈന്‍ ചെയ്തത് പെന്റഗ്രാം
പെന്റഗ്രാമാണ് ലോക ചെസ് മത്സരത്തിനുള്ള ചെസ് ബോര്‍ഡ് വേള്‍ഡ് ചെസ്സിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന് കമേഴ്സ്യന്‍ പങ്കാളിയായ ചെസ് ഗെയിമിംഗ്, എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് വേള്‍ഡ് ചെസ്. ലണ്ടനാണ് വേള്‍ഡ് ചെസിന്റെ ആസ്ഥാനം. റോള്‍സ് റോയ്സ്, ഒപ്പോ, വിവ തുടങ്ങി ഒട്ടേറെ വിഖ്യാത കമ്പനികളുടെ ഉല്പന്നങ്ങള് ഡിസൈന്‍ ചെയ്യുന്നത് പെന്റഗ്രാമാണ്.
ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള വന്‍ ഡിസൈന്‍ സ്റ്റുഡിയോ ആണ് പെന്റഗ്രാം. ഇവിടെ അനുഭവസമ്പത്തുള്ള ഡിസൈനര്‍മാരാണ് ജോലി ചെയ്യുന്നത്. ലോകചെസ്സിന് വേണ്ടി ഏറെ നാളത്തെ പരിശ്രമഫലമായാണ് ഇവര്‍ ബോര്‍ഡും കരുക്കളും തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: