കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പോലീസിൽ പരാതി നൽകിയത്.
ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്‌ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നൽകിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല എന്ന് പരാതിക്കാരി പറയുന്നു.
വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചെന്നും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് അവർ പരാതിയിൽ പറയുന്നത്. നൂറുകോടി രൂപ ലാഭം നേടിയതായി നിർമാതാക്കൾ പരസ്യം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സമാനസ്വഭാവമുള്ള മറ്റൊരു സംഭവത്തിന്റെ വിശദാംശങ്ങൾകൂടി പുറത്തുവന്നിരിക്കുന്നത്. 2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഓണം റിലീസുകളിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രംകൂടിയായിരുന്നു ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: