തിരുവനന്തപുരം: പാവപ്പെട്ടവരുടെയും അവശരുടെയും നിര്‍മാണത്തൊഴിലാളികളുടെയും പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളായി. മുമ്പ് പെന്ഷന് മുടങ്ങിയപ്പോള്‍ അടിമാലി സ്വദേശി മറിയക്കുട്ടി പിച്ചച്ചട്ടിയുമായി ഇറങ്ങിയത് വിവാദമായ സമയത്ത് ഏതാനും മാസം സാമൂഹ്യ പെന്ഷന് നല്കി സര്‍ക്കാര്‍ മുഖം രക്ഷിച്ചിരുന്നു. അതേ പെന്‍ഷനുകളാണ് വീണ്ടും മുടങ്ങിയത്. ചില പെന്ഷന് മുടങ്ങിയിട്ട് വര്‍ഷം ഒന്നായി. 16 ക്ഷേമനിധി പെന്‍ഷനുകളാണ് മുടങ്ങിയത്.
ഇവയില്‍ പ്രധാനപ്പെട്ടത് പാവപ്പെട്ടവര്‍ക്ക് നല്കുന്ന സാമൂഹ്യ പെന്‍ഷനാണ്. മാസം വെറും 1600 രൂപ. പെന്‍ഷനുകള്‍ നല്കാന് സര്‍ക്കാരിനു വേണ്ടത് 5000 കോടി രൂപയാണ്. സര്‍ക്കാരിന്റെ കൈവശം കാശില്ലാതായതോടെ സാമൂഹ്യ ക്ഷേമ പെന്ഷന് മുടങ്ങിയിട്ട് മാസം ആറായി.
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്ഷന് മുടങ്ങിയിട്ട് ഒരു വര്‍ഷമായി. ആഭരണ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍ എന്നിവരുടെ പെന്‍ഷനുകളുടെ കാര്യവും വ്യത്യസ്തമല്ല. കൈത്തറി, ബീഡി തൊഴിലാളികളുടെയും ഖാദി തൊഴിലാളികളുടെയും ക്ഷേമനിധി പെന്ഷന് മുടങ്ങിയിട്ട് ആറു മാസം കഴിഞ്ഞു.
സാമൂഹ്യക്ഷേമ പെന്ഷന് മാസം 900 കോടിയും ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് മാസം 90 കോടി രൂപയുമാണ് വേണ്ടത്. സാമൂഹ്യ പെന്ഷന് നല്‍കാനെന്ന പേരില്‍ മദ്യത്തിനും ഇന്ധനത്തിനും സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഈ സെസ് വഴി 2023 നവംബര്‍ വരെ പിരിച്ചത് 740 കോടിയാണ്. പക്ഷേ ഇത് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല.
വാര്‍ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, 50 കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന്, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്, കാര്‍ഷിക പെന്ഷന് തുടങ്ങിയവയാണ് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍. ഇവയെല്ലാം മുടങ്ങിക്കിടക്കുകയാണ്. പല പെന്‍ഷനുകളും 2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേതാണ് മാര്‍ച്ചില്‍ വിതരണം ചെയ്തത്.
ക്ഷേമനിധി പെന്ഷന് നല്കാന്, തൊഴിലാളികളില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും സര്‍ക്കാര്‍ അംശാദായം വാങ്ങുന്നുണ്ട്. ഈ പണം നിരന്തരം വക മാറ്റുകയാണ്. അതിനാലാണ് 16 ക്ഷേമനിധി പെന്‍ഷനുകളും മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: